ഷിബു Source: News Malayalam 24x7
KERALA

അനുമതിയില്ലാതെ കെഎസ്ഇബി പുരയിടത്തില്‍ സ്റ്റേ കമ്പി സ്ഥാപിച്ചു, വീട് വയ്ക്കാനാകാതെ ഷിബു; നീക്കണമെങ്കില്‍ പണം അടയ്ക്കണമെന്ന് നിര്‍ദേശം

പുരയിടത്തിൽ വീട് വയ്ക്കാൻ കഴിയാതെ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഷിബു

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ലോട്ടറി വിൽപ്പനക്കാരനോട് കെഎസ്ഇബിയുടെ ക്രൂരത. കുരീപ്പുഴ സ്വദേശി ഷിബുവിൻ്റെ മൂന്ന് സെൻ്റ് ഭൂമിയിൽ അനുമതിയില്ലാതെ കെഎസ്ഇബി സ്റ്റേ കമ്പി സ്ഥാപിച്ചു. പുരയിടത്തിൽ വീട് വയ്ക്കാൻ കഴിയാതെ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഷിബു. പി.എം.വൈ.എ. ലൈഫ് പദ്ധതിയിലൂടെ ഭവനത്തിനായി നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്‌റ്റേ കമ്പി മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.

2020ൽ ഷിബുവും കുടുംബവും പഴനിയിലേക്ക് യാത്ര പോയ സമയത്താണ് കൊല്ലം അഞ്ചാലുംമൂട്ടിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി സമീപത്തുണ്ടായിരുന്ന ഇലട്രിക് പോസ്റ്റിൻ്റെ സ്റ്റേ കമ്പി ഷിബുവിൻ്റെ പുരയിടത്തിൽ സ്ഥാപിച്ചത്. മൂന്ന് സെൻ്റ് പുരയിടത്തിൽ ഓലയിട്ട വീട്ടിൽ താമസിച്ചിരുന്ന ഷിബു ആദ്യമിത് ഗൗരവത്തിലെടുത്തില്ല. അടച്ചുറപ്പുള്ള വീട് ലഭിക്കാൻ സർക്കാർ പദ്ധതിയിൽ അപേക്ഷ നൽകി പണം അനുവദിച്ചതോടെയാണ് സ്റ്റേ കമ്പി മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഭവന നിർമാണത്തിനായി താമസിച്ചിരുന്ന ഓല മേഞ്ഞ വീട് പൊളിച്ച് നീക്കി. പ്ലാൻ തയ്യാറാക്കുമ്പോൾ സ്റ്റേ കമ്പി ഒഴിവാക്കണം, ഇതിനായ് കെഎസ്ഇബി ഓഫീസിൽ അപേക്ഷ നൽകി. അൻപതിനായിരം രൂപ ചിലവിനത്തിൽ നൽകണമെന്ന് കെഎസ്ഇബിയുടെ മറുപടി. പണമില്ലാത്തതിനെ തുടർന്ന് കൊല്ലം കോർപ്പറേഷനിലും, മന്ത്രി ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവരെ സമീപിച്ചു. പരാതിയിൽ വൈദ്യുതി മന്ത്രിയുടെ ഇടപെടൽ ഉണ്ടായി ചിലവ് തുക കെഎസ്ഇബി 15,000 രൂപയാക്കി കുറച്ച് നൽകി. പക്ഷെ പതിനയ്യായിരം രൂപ പോലും കണ്ടെത്താൻ ഷിബുവിന് കഴിഞ്ഞില്ല.

താമസിച്ചിരുന്ന വീട് പൊളിച്ച് മാറ്റിയതോടെ വാടക വീട്ടിൽ കഴിയുന്ന ഷിബുവിന് മാസ വാടക പോലും നൽകാൻ കഴിയുന്നില്ല. അപ്പോഴാണ് തൻ്റെ അനുമതി പോലും ചോദിക്കാതെ കെഎസ്ഇബി അനധികൃതമായി ഷിബുവിൻ്റെ ഭൂമിയിൽ സ്ഥാപിച്ച സ്‌റ്റേ കമ്പി നീക്കാൻ പണം ആവശ്യപ്പെടുന്നത്. കെഎസ്ഇബിയുടെ ക്രൂരതയ്ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങുകയാണ് ഷിബു.

SCROLL FOR NEXT