നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് തെന്നിമാറി അപകടം 
KERALA

നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് തെന്നിമാറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം

നെല്ലിയാമ്പതി സ്വദേശി ജയന്തി ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നെല്ലിയാമ്പതിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. നെന്മാറ പേഴുംപാറ സ്വദേശിനി ജയന്തി (55) ആണ് മരിച്ചത്. നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാം ജീവനക്കാരിയാണ് ഇവർ.

അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ ജയന്തി ബസിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍ 500 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബസ് അപകടത്തില്‍ പെട്ടത്.

72 പേരാണ് അപകടസമയം ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 45 പേരെ നെന്മാറ താലൂക്ക് ആശുപത്രിയിലും ആറ് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

SCROLL FOR NEXT