KERALA

കെഎസ്ആർടിസിയിൽ സ്ഥിര നിയമനം നടന്നിട്ട് 12 വർഷം; സർവീസ് നടത്തുന്നത് ദിവസ വേതനക്കാർ; ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല

2013ലാണ് പിഎസ്‌സി വഴി അവസാനമായി നിയമനം നടന്നത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: കഴിഞ്ഞ 12 വർഷത്തിനിടെ ഒരു സ്ഥിരനിയമനം പോലും നടത്താതെ കെഎസ്ആർടിസി. 2013ന് ശേഷം മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തിയത് ദിവസ വേതന അടിസ്ഥാനത്തിൽ. ഓരോ വർഷവും വലിയ കുറവാണ് ജീവനക്കാരുടെ എണ്ണത്തിൽ കെഎസ്ആർടിസിയിൽ ഉണ്ടാകുന്നത്. പിഎസ്‌സി വഴി അവസാനമായി നിയമനം നടന്നത് 2013ൽ. അന്ന് ആകെ ഉണ്ടായിരുന്നത് 44,418 സ്ഥിരം ജീവനക്കാർ. പിന്നീട് ഓരോ വർഷവും വിരമിച്ചും വിആർഎസ് എടുത്തും മറ്റു വകുപ്പുകളിലേക്ക് മാറിയും ആളുകൾ കൊഴിഞ്ഞു പോയി.

12 വർഷത്തിനിപ്പുറം 21,174 സ്ഥിരം ജീവനക്കാർ മാത്രമാണ് കെഎസ്ആർടിസിയിൽ ഉള്ളത്. ജീവനക്കാർ ഇല്ലാതായതോടെ കണ്ടക്ടർ, ഡ്രൈവർ തസ്തികകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിലേക്ക് ആളുകളെ എടുക്കാറില്ല. സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ടാണിതെന്നാണ് ആക്ഷേപം. സ്ഥിരം ജീവനക്കാരന് പ്രതിദിനം 1200 രൂപ നൽകണമെങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്ന ആൾക്ക് 715 രൂപ മാത്രം നൽകിയാൽ മതി. ഇതുവഴി 485 രൂപയുടെ ലാഭം കോർപ്പറേഷൻ ഉണ്ടാകും. എന്നാൽ താൽക്കാലിക നിയമനത്തിലൂടെ കനത്ത നഷ്ടവും കെഎസ്ആർടിസിക്ക് ഉണ്ടാകുന്നുണ്ട്.

നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും ഇവയൊന്നും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാറില്ല. പകരം കെ സ്വിഫ്റ്റിലെ ഡ്രൈവർമാരെ കെഎസ്ആർടിസിയിലെ നോർമൽ ഡ്യൂട്ടിക്കായി നിയോഗിക്കുന്നു. ഒപ്പം ഇരട്ട ഡ്യൂട്ടിയും നൽകുന്നുണ്ട്. ജീവനക്കാരുടെ എണ്ണം കുറച്ച് പൂർണമായും ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനാണ് കോർപ്പറേഷൻ നീക്കമെന്നാണ് ആക്ഷേപം.

SCROLL FOR NEXT