കെഎസ്ആർടിസിയും ആർടിസിയും  Source: News Malayalam 24x7
KERALA

നഷ്ടക്കണക്ക് പറഞ്ഞൊഴിഞ്ഞ് കെഎസ്ആർടിസി; അതേ റൂട്ടിൽ ലാഭം കൊയ്‌ത് ആർടിസി

കാസർഗോഡ് മംഗലാപുരം റൂട്ടിലാണ് ഓർഡിനറി ബസുകൾക്കൊപ്പം കുറഞ്ഞ നിരക്കിൽ കർണാടകയുടെ ഡീലക്സ് ബസുകളായ രാജഹംസം സർവീസ് നടത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

നഷ്ടക്കണക്കുകൾ മാത്രം പറയുന്ന കെഎസ്ആർടിസിയുടെ അതേ റൂട്ടിൽ സർവ്വീസ് നടത്തി ലാഭം കൊയ്യുകയാണ് കർണാടക ആർടിസി. കാസർഗോഡ് മംഗലാപുരം റൂട്ടിലാണ് ഓർഡിനറി ബസുകൾക്കൊപ്പം കുറഞ്ഞ നിരക്കിൽ കർണാടകയുടെ ഡീലക്സ് ബസുകളായ രാജഹംസം സർവീസ് നടത്തുന്നത്. മംഗലാപുരം-കാസർഗോഡ് റൂട്ട് നഷ്ടത്തിലാണെന്ന പേരിൽ പല സർവീസുകളും കെഎസ്ആർടിസി വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 5 സർവീസുകൾ നിർത്തിവെച്ചു.

അതിനിടെയാണ് കർണാടക രാജഹംസയുടെ രണ്ടു എക്സിക്യൂട്ടീവ് ബസുകൾ സർവീസ് ആരംഭിച്ചത്. ദിവസവും 6 സർവീസാണ് കർണാടക ആർടിസിയുടെ രാജഹംസ നടത്തുക. പുഷ്ബാക്ക് സീറ്റ്‌ അടക്കമുള്ള സൗകര്യങ്ങളാണ് ആർടിസിയിൽ ലഭ്യമാകുക. സാധാരണ ടിക്കറ്റ് ചാർജിനെക്കാൾ അൽപ്പം കൂടുതലാണെങ്കിലും സുഖകരമായ യാത്രയും വേഗത്തിൽ എത്താൻ സാധിക്കുമെന്നതുമാണ് യാത്രക്കാരെ സർവീസിലേക്ക് ആകർഷിച്ചത്.

മംഗലാപുരത്ത് നിന്ന് രാവിലെ 6.30, 7.30, 10.30, 11.30 ഉച്ചയ്ക്കുശേഷം 3.00, 3.30, കാസർഗോഡു നിന്ന് രാവിലെ 8.30, 9.30, ഉച്ചയ്ക്കുശേഷം 1.00, 1.30, 5.00, 5.30 നുമാണ് സമയക്രമം. കാസർഗോഡ് - മംഗലാപുരം യാത്രയ്ക്ക് സാധാരണ ബസുകൾ 1 മണിക്കൂർ 35 മിനിറ്റ് എടുക്കുമ്പോൾ രാജഹംസ ബസുകൾ 1 മണിക്കൂർ 15 മിനിറ്റുകൊണ്ട് എത്തും.

കേരളത്തിലെ യാത്രക്കാരിൽ നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നാണ് ബസ് ജീവനക്കാരുടെ പ്രതികരണം. മംഗലാപുരം വരെ 100 രൂപയാണ് ബസ് ചാർജ്. കുമ്പള, ബന്ദിയോട്, നയാ ബസാർ, കൈകമ്പ, ഉപ്പള, ഹൊസംഗഡി, മഞ്ചേശ്വരം, തലപ്പാടി, ബീരി എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റോപ്പ് ഉള്ളത്. സർവീസ് ലാഭത്തിലായതോടെ കൂടുതൽ സർവീസുകൾ നടത്താനാണ് കർണാടക ആർടിസിയുടെ തീരുമാനം.

SCROLL FOR NEXT