വിസി മോഹനൻ കുന്നുമ്മലിന് മീഡിയ മാനിയയെന്ന് കെഎസ്‌യു Source: News Malayalam 24x7
KERALA

കേരള സര്‍വകലാശാല വിസിയ്ക്ക് മീഡിയ മാനിയ, ക്രിമിനൽ കേസുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കണം: കെഎസ്‌യു

വാർത്തകളിൽ ഇടം നേടുന്നതിനുള്ള വിസിയുടെ വിചിത്ര വാദമാണ് പുതിയ ഉത്തരവെന്നും കെഎസ്‌യു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ വിസി മോഹനൻ കുന്നുമ്മലിൻ്റെ ഉത്തരവിനെതിരെ കെഎസ്‌യു. വാർത്തകളിൽ ഇടം നേടുന്നതിനുള്ള വിസിയുടെ വിചിത്ര വാദമാണ് പുതിയ ഉത്തരവെന്നും കെഎസ്‌യു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പത്രക്കുറിപ്പ് പുറത്തിറക്കി.

കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് മീഡിയാമാനിയയാണ്. വാർത്തകളിൽ ഇടം നേടുന്നതിനുള്ള വിസിയുടെ വിചിത്ര വാദമാണ് പുതിയ ഉത്തരവ്. ഭരണഘടനാ വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ല. വിചിത്ര ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. ഉത്തരവ് പുറത്തിറക്കിയത് വിദ്യാർഥി സംഘടനകളുമായി കൂടിയാലോചന ഇല്ലാതെയാണ്. ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ നടപ്പാക്കലല്ല വൈസ് ചാൻസലറുടെ ചുമതല. പ്രതിസന്ധികൾ ആസൂത്രിതമായി സൃഷ്ടിക്കുന്നതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയിലാണ് ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇതുസംബന്ധിച്ച് സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിക്കുന്ന വിദ്യാർഥികളുടെ പ്രവേശനം പ്രിൻസിപ്പൽമാർക്ക് റദ്ദാക്കാമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

SCROLL FOR NEXT