KERALA

എംഎസ്‌എഫ് മത സംഘടന തന്നെ, വിദ്യാർഥി സമൂഹത്തെ വേർതിരിക്കുന്നവർ: കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി

കെഎസ്‌യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു പിന്മാറാൻ പ്രേരിപ്പിച്ചെന്നും ആരോപണം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: എംഎസ്എഫ് മത സംഘടനയാണെന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറി മുബാസ് സി. എച്ച്. എംഎസ്എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ഇത്തിക്കണ്ണിയാണെന്നാണ് കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി എംഎസ്എഫ് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

എംഎം കോളേജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു പിന്മാറാൻ പ്രേരിപ്പിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപണമുണ്ട്. "എംഎസ്എഫ് മത സംഘടന തന്നെയാണ്. മുഖം മറച്ച് ക്യാംപസ്സിൽ മതം പറഞ് വിദ്യാർഥി സമൂഹത്തെ വേർ തിരിക്കുന്നവർ... കണ്ണൂരിലെ ക്യാംപസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ.......," മുബാസ് ഫേസ്ബുക്കില്‍ കുറിച്ചു.

എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദ സംഘടനയാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ പ്രസംഗം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സഞ്ജീവിനെതിരെ കെഎസ്‍‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വിവരക്കേടാണെന്നായിരുന്നു അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. പി.എസ്. സഞ്ജീവ് ശശികലക്ക് പഠിക്കരുതെന്നാണ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇതിനിടെയാണ് കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുബാസ് സി.എച്ചിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്

സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്

എം എം കോളേജിൽ കെ എസ് യൂ സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗ്ഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണ്

ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ല

എംഎസ്എഫ് മത സംഘടന തന്നെയാണ് മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ... കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ.......

SCROLL FOR NEXT