തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണിക്ക് മറുപടിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ്. കിട്ടിയ അടിയും മേടിച്ച് വീട്ടിൽ ഇരിക്കുന്ന കെഎസ്‍യു അല്ല ഇന്നത്തെ കെഎസ്‍യുവെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അടിച്ചാൽ തിരിച്ചടിക്കുമെന്നും ഇതും ഒരു താക്കീതായി കണ്ടാൽ മതിയെന്നും അരുൺ രാജേന്ദ്രൻ ഫേസ്ബുക്കിൽ മറുപടി നൽകി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
അങ്ങനെ കിട്ടിയ അടിയും മേടിച്ചു വീട്ടിൽ ഇരിക്കുന്ന കെഎസ്‍യു അല്ല ഇന്നത്ത കെഎസ്‍യു.....!
കേരള യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ അനുഭവം ഇല്ലേ....?
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലെ എസ്എഫ്ഐ യുടെ കരച്ചിൽ ഇങ്ങ് തിരുവനന്തപുരം വരെ കേൾക്കുന്നുണ്ടത്രേ...!
അടിച്ചാൽ തിരിച്ചടിക്കും,
ഇതും ഒരു "താക്കീതായ് കണ്ടാൽ മതി"
കെഎസ്‌യുവിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. കെഎസ്‌യു പ്രതിഷേധത്തിനിടെ എസ്എഫ്ഐ കൊടി നശിപ്പിച്ചാൽ എഴുന്നേറ്റ് നടക്കില്ലെന്നായിരുന്നു ഭീഷണി. നേതാക്കളുടെ വാക്കും കേട്ട് കൊടി തോരണം നശിപ്പിച്ചാൽ നല്ല തല്ല് കിട്ടും, ഇത് താക്കീതായി കാണണമെന്നുമായിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ജില്ലാ സെക്രട്ടറി നന്ദൻ്റെ ഭീഷണി. യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി നഗരത്തിൽ ഇന്ന് കെഎസ്‌യു പ്രതിഷേധം ഉണ്ടാകും. അതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഭീഷണി.