തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹത. 18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ് ദേശീയ പട്ടിക വർഗ കമ്മീഷന്റെ നിർദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. വിവാഹത്തിന് ശേഷമാണ് ഈ റദ്ദാക്കൽ നീക്കം നടന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്ത ജനന സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്. സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടി ജനിച്ചത് 2008 ജനുവരി ഒന്നിനാണ്. ഈ വർഷം ആധാറും പാനുമെടുത്തത് ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. പെൺകുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളുമായാണ്. റദ്ദാക്കൽ നീക്കം വിവാഹം നടന്ന ശേഷം മാത്രമെന്നും റദ്ദാക്കൽ നടപടി പെൺകുട്ടിയുടെ വാദം കേൾക്കാതെയെന്നും കണ്ടെത്തൽ.
മാര്‍ച്ച് 11നാണ് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് വൈറല്‍ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണെന്നാണ് മധ്യപ്രദേശ് പൊലീസിൻ്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെയാണ് കേസെടുത്തത്.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് കണ്ടെത്തിയത്. വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന്‍ ആരോപിക്കുന്നു. പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നെന്ന് ആശുപത്രി രേഖകളില്‍ നിന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റുകളില്‍ നല്‍കിയ വിവരം കൃത്യമാണോ എന്ന് പരിശോധിക്കാന്‍ പൊലീസ് അന്വേഷണം നടത്തുന്നത്.