KERALA

"ജാഗ്രതക്കുറവ് ഉണ്ടായി"; വീക്ഷണത്തിലെ രാഹുൽ അനുകൂല ലേഖനത്തിൽ വീഴ്ച സമ്മതിച്ച് എംഡി

ആരാണ് എഴുതിയതെന്നും കണ്ടെത്തി അവർക്കെതിരെ നടപടി എടുക്കുമെന്ന് എംഡി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീക്ഷണത്തിലെ രാഹുൽ അനുകൂല ലേഖനത്തിൽ പ്രതികരിച്ച് എംഡി ജെയ്‌സൺ ജോസഫ്. വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും, എഡിറ്റോറിയൽ ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എംഡി പറഞ്ഞു.

ആരാണ് ബോർഡിന് നിർദേശം നൽകിയതെന്നും, ആരാണ് എഴുതിയതെന്നും കണ്ടെത്തി അവർക്കെതിരെ നടപടി എടുക്കുമെന്നും എംഡി അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് രാഹുൽ എന്നും,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നുമായിരുന്നു വീക്ഷണത്തിൽ എഴുതിയിരുന്നത്. രാഹുലിനെ ന്യായീകരിച്ച് കൊണ്ട് എഴുതിയ വീക്ഷണത്തിലെ ലേഖനത്തിനെതിരെ നേതാക്കൾ രംഗത്തെത്തിയിരുന്നു.

വീക്ഷണത്തിലെ മുഖപ്രസംഗം എഴുതിയ ആളോട് പോയി ചോദിക്കണം എന്നായിരുന്നു വി.ഡി. സതീശൻ പ്രതികരിച്ചത്. രാഹുൽ വിഷയത്തിൽ നിലപാട് മാറ്റാൻ ആർക്കും അവകാശമില്ലെന്നും സതീശൻ കടുപ്പിച്ച് പറഞ്ഞു. ലേഖനത്തെ കുറിച്ച് പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ലേഖനത്തെ പറ്റി എഴുതിയ ആളോട് ചോദിക്കണമെന്നും, ഇത് ശബരിമല വിഷയത്തിൽ നിന്നും വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വീക്ഷണത്തിൽ വന്ന എഡിറ്റോറിയൽ കോൺഗ്രസിൻ്റെ നിലപാട് അല്ലെന്നും, പത്രത്തിൻ്റെ സ്വാതന്ത്ര്യത്തിലിടപെടാറില്ലെന്നും കെ. മുരളീധരൻ. പാർട്ടി നിലപാടിൽ നിന്നും വ്യത്യസ്തമായി പറയാൻ പാടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞിരിക്കുന്നത് സിപിഎമ്മിനെയും ബിജെപിയെയും ഉദ്ദേശിച്ചാണ്. സ്വർണ്ണക്കൊള്ള മറച്ചുവെക്കാൻ വേണ്ടി രാഹുൽ വിഷയം ഉയർത്തിയാൽ അതിനെ പ്രതിരോധിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

രാഹുലിനെതിരെ പരാതി കൊടുത്ത സ്ത്രീക്ക് മാത്രമല്ല, മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീക്കും മാനം ഉണ്ട്. സ്ത്രീകളുടെ മാനത്തിന് മേൽ ആര് കളിച്ചാലും അത് ശരിയല്ല അത് തെറ്റ് തന്നെയാണ് അത് അംഗീകരിക്കാൻ ആകില്ല. തൻ്റെ നിലപാട് പാർട്ടി നിലപാടണ്. അത് നേരത്തെയും പറഞ്ഞു. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT