സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ആരോപണവിധേയായ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്നൊരു കമ്പനിയുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. ഇതൊരു ഷെല്‍ കമ്പനിയാണെന്ന സംശയത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്. ഇതേത്തുടര്‍ന്ന് ന്യൂസ് മലയാളം നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ഓഫീസ് കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവിലാണ് വെള്ള കടലാസില്‍ പേര് പ്രിന്റ് ചെയ്ത് പതിപ്പിച്ചൊരു ഒറ്റമുറി കട കണ്ടെത്തിയത്. അതേസമയം, ഇവിടെ അങ്ങനെയൊരു കമ്പനി പ്രവര്‍ത്തിച്ചതായി അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കോഴിക്കോട് പന്തീരാങ്കാവ് പൂളേങ്കരയിലെ ബൈത്തുല്‍ മുബാറക് ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലെ ഒരു മുറിയുടെ ചുവരിലാണ് ലേക്കര്‍ ഇന്ത്യ പേര് പതിച്ചൊരു മുറി കണ്ടത്. വെള്ള കടലാസില്‍ പ്രിന്റ് ഔട്ട് എടുത്ത്, പ്ലാസ്റ്റിക് കവറിലാക്കിയാണ് ഇവിടെ പതിപ്പിച്ചിരിക്കുന്നത്. വിശദമായ വിലാസത്തിനൊപ്പം, ജിഎസ്‌ടി നമ്പരും ചേര്‍ത്തിട്ടുണ്ട്. 2023ല്‍ തുടങ്ങിയ കമ്പനിയെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ഇവിടെ കാണുന്ന പേര് സമീപകാലത്ത് ഒട്ടിച്ചതാണെന്ന് തോന്നിപ്പിക്കുന്നതാണ്. കൃത്യമായി വാടക ലഭിക്കുന്നുണ്ടെന്ന് കെട്ടിട ഉടമ പറയുമ്പോഴും, ഏതെങ്കിലും ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
എന്നാല്‍ ലേക്കര്‍ ഇന്ത്യ എന്നൊരു കമ്പനി അവിടെ പ്രവര്‍ത്തിച്ചതായി അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അവിടെ നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ് പ്രവര്‍ത്തിച്ചിരുന്നത്. പീന്നീട് കടമുറി തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. ദീര്‍ഘനാളായി അടഞ്ഞുകിടക്കുകയാണ്. സ്ഥാപനം ആരുടേതാണെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പ്രതികരിച്ചു.