തിരുവനന്തപുരം: ഭൂപതിവ് ചട്ട ഭേദഗതി കുരുക്ക് അഴിക്കുകയല്ല അവസാന കുരുക്ക് മുറുക്കുകയാണ് എന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. സാങ്കേതികത്വവും നിയമവശവും ഉള്ളതുകൊണ്ട് വ്യാജമായി തെറ്റായ പ്രചരണം സർക്കാർ നടത്തുന്നുവെന്നും എംഎല്‍എ ആരോപിച്ചു.
ഭേദഗതി അംഗീകരിക്കാൻ ആകില്ല. ഇടുക്കി ജനത ഇരട്ടി നികുതി അടയ്‌ക്കേണ്ടി വരും. ജനവിരുദ്ധ നടപടി സാധാരണക്കാരുടെ ആവശ്യങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നും എംഎല്‍എ പറഞ്ഞു.
പൊതുരംഗത്തുള്ളവരുടെ ഏറ്റവും വലിയ കരുത്ത് ധാർമികതയാണെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. അത് ഉറപ്പിച്ച് നിർത്താൻ നേതാക്കൾ ശ്രമിക്കണം. റിയൽ വർക്ക് ഇല്ലാത്ത റീൽസ് ജനം അംഗീകരിക്കില്ലെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിലായിരുന്നു പരോക്ഷ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫ് മന്ത്രിസഭ ഭൂപതിവ് നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് യാഥാർഥ്യമായിരിക്കുന്നത് എന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മലയോര മേഖലയ്ക്ക് സന്തോഷം നൽകുന്ന കാര്യമാണ് ഇതിലൂടെ നടപ്പിലായതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭൂപതിവ് നിയമ ഭേദഗതിയിൽ പ്രധാനമായും രണ്ട് ചട്ടങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. കൃഷിക്കും വീട് നിർമാണത്തിനുമായി പതിച്ചു നൽകിയ ഭൂമിയിൽ ഇതുവരെയുള്ള വക മാറ്റിയുള്ള വിനിയോഗം ക്രമവൽക്കരിച്ച് നല്‍കുകയാണ് ഒന്ന്. പതിച്ചു നൽകിയ ഭൂമിയിൽ ജീവനോപാധി ലക്ഷ്യമാക്കിയുള്ള വിനിയോഗത്തിന് അനുമതി നൽകുന്നതാണ് രണ്ടാമത്തെ ഭേദഗതി. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സർക്കാർ - വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.