പെരുമ്പളം പാലം Source: Screengrab
KERALA

കായലിന് കുറുകെ നിർമിച്ച ഏറ്റവും വലിയ പാലം; പെരുമ്പളം പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പെരുമ്പളം-പാണാവള്ളി പാലം...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ്‌ ജനപ്രതിനിധികളും പങ്കെടുക്കും.

അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പെരുമ്പളം-പാണാവള്ളി പാലം. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്. 1,455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽനട യാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ സുരക്ഷിതമായ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്.

ജലഗതാഗതത്തിന് തടസമുണ്ടാകാത്ത വിധം 55 മീറ്റർ നീളമുള്ള മൂന്ന് മനോഹരമായ ബോ സ്ട്രിംഗ് ആർച്ച് സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളും ഉണ്ട്. കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ പാലം.

സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പിലാക്കുന്ന 100 കോടി രൂപയ്ക്ക് മുകളിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് ഈ പാലം. വർഷങ്ങളായി കാത്തിരുന്ന ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പെരുമ്പളം ദ്വീപ് നിവാസികൾക്ക് യാത്രയും വികസനവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

SCROLL FOR NEXT