KERALA

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ജനുവരി 29

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന പതിനാറാം സമ്മേളനത്തിൽ കേന്ദ്ര വിരുദ്ധ നിലപാടുകൾ ഗവർണർ രാജേന്ദ്ര അർലേക്കർ പരാമർശിക്കുമോ എന്നതിലാണ് ആകാംക്ഷ. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുയർത്തി കോൺഗ്രസിനെ കടന്നാക്രമിക്കാനാകും സർക്കാർ നീക്കം.

മാർച്ച് 26 വരെ നിശ്ചയിച്ചിരിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം അക്ഷരാർത്ഥത്തിൽ ഇരുമുന്നണികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാകുമെന്ന് ഉറപ്പാണ്. സർക്കാർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സർക്കാർ വിരുദ്ധ പരാമർശങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിക്കുമോ, ഇല്ലയോ എന്നുള്ളതിലാണ് ആകാംക്ഷ.വിയോജിപ്പ് ഉണ്ടെങ്കിലും എല്ലാ ഭാഗവും വായിക്കുമെന്നാണ് ലോക്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന. ശബരിമല സ്വർണക്കൊള്ളയും ഐഷ പോറ്റി, എസ്. രാജേന്ദ്രൻ എന്നിവരുടെ സിപിഐഎം ബന്ധം ഉപേക്ഷിക്കലും ഉൾപ്പെടെ ഒരുപിടി പ്രഹരശേഷിയുള്ള ആയുധങ്ങളുമായാണ് പ്രതിപക്ഷം ഇത്തവണ നിയമസഭയിൽ എത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം നൽകുന്ന ആത്മവിശ്വാസം കൂടിയാകുമ്പോൾ യുഡിഎഫ് നിര ശക്തം. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാകും സർക്കാരിൻ്റെ പ്രതിരോധം. കൂടാതെ ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിനെ ആക്രമിക്കാനുള്ള ഒരുപിടി മരുന്നും സർക്കാരിൻ്റെ പക്കലുണ്ട്. ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ഇടതുമുന്നണിക്ക് ആയുധമാകും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡി.കെ. മുരളി സ്പീക്കർ എ.എൻ. ഷംസീറിന് പരാതിയും നൽകിയിട്ടുണ്ട്. വിഷയം എത്തിക്സ് കമ്മിക്ക് വിടുമെന്നാണ് സൂചന.

രാഹുലിനെതിരായ ആക്രമണത്തെ ആൻ്റണി രാജുവിൻ്റെ അയോഗ്യത ഉയർത്തി നേരിടാനാകും പ്രതിപക്ഷ നീക്കം. രാഹുലിനും ആൻ്റണി രാജുവിനും പുറമെ അന്തരിച്ച കാനത്തിൽ ജമീലയുടെ അസാന്നിധ്യം കൂടിയാകുമ്പോൾ മൂന്നംഗങ്ങളുടെ കുറവാണ് അവസാന സഭാ സമ്മേളനത്തിലുള്ളത്. ജനുവരി 29-നാണ് സംസ്ഥാന ബജറ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. 32 ദിവസമാണ് സമ്മേളന കാലയളവെങ്കിലും അടുത്ത മാസം പകുതി കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാമെന്നിരിക്കെ സഭ വെട്ടിച്ചുരുക്കേണ്ടി വരും.

SCROLL FOR NEXT