ദർബാർ ഹാളിലെ പൊതുദർശനം  Source: News Malalayalam 24x7
KERALA

പ്രിയ സഖാവിനെ അവസാനമായി കാണാൻ... ദർബാർ ഹാളിൽ പൊതുദർശനം ആരംഭിച്ചു

വലിയ ജനസാഗരമാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാനായി ദർബാർ ഹാളിലേക്കെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മൃതദേഹം രാവിലെ 9.21 ഓടെ മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് ആരംഭിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു ഉൾപ്പെടെയുള്ള ഇടതു സർക്കാരിലെ മന്ത്രിസഭാംഗങ്ങളും, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും ദർബാർ ഹാളിലെത്തി വിഎസിൻ്റെ ഭൗതിക ശരീരത്തിൽ പുഷ്പചക്രങ്ങൾ അർപ്പിച്ച് അന്ത്യാഞ്ജലികൾ നേർന്നു. വലിയ ജനസാഗരമാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാനായി ദർബാർ ഹാളിലേക്കുത്തുന്നത്.

വിഎസിൻ്റെ മകൻ്റെ തിരുവനന്തപുരത്തെ ബാർട്ടൺഹില്ലിലെ മകൻ്റെ വസതിയിൽ രാവിലെ നടന്ന പൊതുദർശനത്തിലും നിരവധി പേരാണ് എത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന രാഷ്ട്രീയ നോതാക്കളും മതനേതാക്കളും ബാർട്ടൺഹില്ലിലെ വസതിയിലെത്തിയിരുന്നു. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. പാളയം മുതൽ ആരംഭിക്കുന്ന വിലാപ യാത്രക്കായുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.

വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരിപാടികൾ ഉണ്ടാവില്ല. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും നടത്തും. നാളെ ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഇന്ന് നടത്താനിരുന്ന ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‍സിയുടെ അറിയിപ്പുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

SCROLL FOR NEXT