വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട് എത്തും. സംഘം മണ്ണിടിച്ചിൽ മേഖലയിൽ വിശദമായ പരിശോധന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്‍ധ സമിതിയും സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറും. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന രണ്ടുപേർക്കായുള്ള തിരച്ചിലാണ് ഇന്ന് നടത്തുക.
സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേശിന്റെ മേൽനോട്ടത്തിൽ, ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആസൂത്രണ ബോർഡിലെ രണ്ട് ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലെ ക്രമക്കേടുകളും, ഇതിനു പുറമെ പി.എസ്.സിക്ക് എതിരെ ഉയർന്നിട്ടുള്ള മറ്റ് ഗുരുതര ആരോപണങ്ങളും വിശദമായി അന്വേഷിക്കാനാണ് സർക്കാരിന്റെ കർശന നിർദേശം.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാന്‍. ഒരാഴ്ച നീണ്ട വിലാപയാത്രയ്ക്കും പൊതുദര്‍ശനങ്ങള്‍ക്കുംശേഷം ജന്മനാടായ മഷ്ഹദിലായിരുന്നു സംസ്കാര ചടങ്ങുകള്‍. മഷ്ഹദിൽ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കിയത്. പ്രത്യേക കറുത്ത വസ്ത്രത്തിലായിരുന്നു ജനങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഖമനേയിയുടെ ചിത്രങ്ങളും, ഇറാന്‍ പതാകകളും കൈയിലേന്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവർക്കെതിരായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. 'യുഎസിന് നാശം', Hey TRUMP We will kill You എന്ന കൂറ്റന്‍ ബാനറും ജനങ്ങള്‍ ഉയര്‍ത്തി.
ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തിൽ പൊളിച്ചെഴുതാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ സന്നിധാനത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുക കോര്‍പറേറ്റ് കമ്പനികളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പ് മാത്രം. അന്നദാന ഫണ്ടിലേക്ക് മാത്രം വ്യക്തി കേന്ദ്രീകൃത സംഭാവനകള്‍ അനുവദിക്കും. സ്പോൺസർഷിപ്പ് നൽകാൻ താത്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ സമർപ്പിക്കുന്ന അപേക്ഷകൾ ദേവസ്വം വിജിലൻസ് പരിശോധിക്കും. ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും .
കള്ളാടി മണ്ണിടിച്ചില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനില്‍ കുമാര്‍. മന്ത്രിമാർ പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞിട്ടില്ല. ആരെയും പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് മൺകൂന ഇടിഞ്ഞതെന്ന് പറഞ്ഞത്. വിദഗ്ധസമിതി പരിശോധിച്ച് റിപ്പോർട്ടിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ക്യാംപില്‍ ആവശ്യമായ കാര്യങ്ങൾ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാംപില്‍ നിന്നുള്ളത് ഒറ്റപ്പെട്ട പരാതികളാണ്. പരാതികളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പി.എസ്.സി ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ ആഭ്യന്തര വിജിലന്‍സിന് അനുമതിയില്ല. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മാത്രമാണ് അനുമതി. എസ്‌പിക്ക് ഫയലുകൾ വിളിച്ചുവരുത്താമെന്നും നിര്‍ദേശം. ചീഫ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത് പി.എസ്.സി ചെയര്‍മാന്റെ ചേംബറിലായിരുന്നു. മൂല്യനിര്‍ണയത്തിലെ പിഴവ് കണ്ടെത്തിയ ഓണ്‍ സ്ക്രീൻ മാര്‍ക്കിങ് സംവിധാനത്തിന്റെ ചുമതലയും ചെയര്‍മാനാണെന്നാണ് കണ്ടെത്തല്‍.
നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാറിന്റെ മരണത്തിന് കാരണം ചികിത്സ വൈകിയതിനാലെന്ന് ബന്ധുക്കൾ. നെഞ്ച് വേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ സെക്യൂരിറ്റി ജീവനക്കാർ ആവശ്യപ്പെട്ടു. അര മണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ടിവന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ മരണം ഒഴിവാക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ പൊളിക്കുന്നതിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിൻ വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിക്കും. തിരികെ ഉച്ചയ്ക്ക് 2.05 ന് വെസ്റ്റ ഹില്ലിൽ നിന്നും തന്നെ സർവീസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് വരുന്ന ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട് നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തും. കെഎസ്ആർ യശ്വന്ത്പുർ ബാംഗ്ലൂർ എക്‌സ്‌പ്രസും കോഴിക്കോട്ടേക്ക് എത്തും. മറ്റ് ട്രെയിനുകളുടെയും സമയക്രമത്തെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്.
കള്ളാടി മണ്ണിടിച്ചില്‍ അപകടത്തിൽ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപകടത്തിന് തലേദിവസവും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സര്‍വേറയറായിരുന്ന പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു കിലോമീറ്റർ താഴെയുള്ള പുഴയിലാണ് രാകേഷ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കണ്‍സ്ട്രക്ഷന്‍ മാനേജരായ വിക്രം റാണയെയാണ് ഇനി കണ്ടെത്താനുള്ളത്. ദൃശ്യങ്ങളുടെയും, ദൃക്സാക്ഷികളുടെയും അഭിപ്രായപ്രകാരം മൂന്നാമത്തെ സോണിലാണ് തിരച്ചിൽ നടത്തുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പുതിയ ജാഗ്രതാ നിര്‍ദേശം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ നേരത്തെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
താമരശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. സഹയാത്രികന്റെ നില ഗുരുതരം. ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശേരി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളാണ് പരിക്കേറ്റു ചികിത്സയിലുള്ളത്. അരുണിൻ്റെ മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിൽ.
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണസംഘത്തിനു മുന്നിൽ. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ആഴ്ചയിൽ രണ്ടുദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ കോറോ ഹെല്‍ത്ത് കമ്പനി അധികൃതരുമായി ചർച്ച. മന്ത്രി ബിന്ദു കൃഷ്ണ, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, ലേബർ കമ്മീഷണര്‍ എന്നിവരാണ് ചര്‍ച്ചയ്ക്കെത്തുന്നത്. ജീവനക്കാരുടെ നാല് പ്രതിനിധികള്‍, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കമ്പനി ലീഗൽ അഡ്വൈസർ എന്നിവര്‍ നേരിട്ടും, കമ്പനി അധികൃതര്‍ ഓൺലൈനായും പങ്കെടുക്കും.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ പെട്ടവരുടെ അതിജീവനം ഉറപ്പാക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അതിജീവന പ്രവൃത്തികളില്‍ ലീഗും പങ്കാളികളാകും. പ്രകൃതിക്ക് കൂടി യോജിച്ചു വേണം വികസനം. മണ്ണിനേയും മനുഷ്യനെയും പരിഗണിക്കുന്ന വികസനം വേണം. പദ്ധതിയുടെ ഭാവി സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് മടിക്കൈയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ ആണ് മരിച്ചത്. മടിക്കൈ കണിച്ചിറയിലാണ് അപകടം. തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. അരയിൽ കയർ ബന്ധിച്ചിരുന്നതിനാൽ ഷോക്കേറ്റപ്പോള്‍ ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ എത്തിച്ചത്. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ജീവനക്കാരനാണ്.
ഗവൺമെൻ്റ് പ്ലീഡർ നിയമത്തിനെതിരെയാണ് കെഎസ്‌യു രംഗത്തെത്തിയത്. എസ്എഫ്ഐ നേതാവിനെ ഗവ. പ്ലീഡർ ആക്കി എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കെഎസ്‌യു പരാതി നൽകി. പ്ലീഡർ ആയി നിയമിച്ച ജയോണ ജയിംസ് എസ്എഫ്ഐ നേതാവാണെന്നാണ് ആരോപണം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് കയറിയിറങ്ങി 70 കാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മേരി വർഗീസ് ആണ് മരിച്ചത്. മല്ലപ്പള്ളി വെസ്റ്റ് വൈഎംസിഎക്ക് സമീപം ആണ് അപകടം.
കശുവണ്ടി കോർപറേഷൻ അഴിമതിയിലെ പ്രോസിക്യൂഷൻ ഉത്തരവിൽ മാപ്പു ചോദിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. നീതിന്യായ വ്യവസ്ഥയോടും ഹൈക്കോടതിയോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഹൈക്കോടതിയുടെ അധികാരത്തെ വിലകുറച്ചുകാണുകയല്ലെന്നും ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് ഉത്തരവിറക്കി എന്നാണ് ഉദ്ദേശിച്ചതെന്നും കെ.ബിജു വ്യക്തമാക്കി. പിഴവ് പറ്റിയതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കെ ബിജു ഐഎഎസ് പറഞ്ഞു.
വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിൽ മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന ആൾക്കെതിരെ കേസ്. അന്വേഷണം തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന്.
കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിച്ച് കമ്പനി. രാജ്യാന്തരതലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമായത് . കേരളത്തിന് പുറത്ത് മറ്റ് സ്ഥലങ്ങളിലും പിരിച്ചു വിട്ടിരുന്നവെന്നും കമ്പനിയുടെ വിശദീകരണം.
നെയ്യാറ്റിൻകരയിൽ ചികിത്സ വൈകിയെന്ന ആരോപണത്തിൽ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങളെ വിമർശിച്ച് KGMOA. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അതിക്രമം അപലപനീയമാണെന്നും സംഘടന ആരോപിച്ചു. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾക്ക് 'അടിയന്തര ചികിത്സ' വേണ്ട ശോചനീയാവസ്ഥയിലാണെന്നും സംഘടന ആരോപിച്ചു. അത്യാഹിതം വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവുണ്ടെന്നും ഡോക്ടർമാർ ആരോപിച്ചു.
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കുള്ള പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാരിൻ്റെ വിശദീകരണത്തെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണം പിന്‍വലിച്ചത്. പെണ്‍കുട്ടി നേരിട്ട് വന്ന് പൊലീസിനോട് ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിമാന താവളത്തിനായി നെൽവയലുകളും ചതുപ്പുകളും നികത്തിയാൽ ആറന്മുളയിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് രാജു എബ്രഹാം. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരും. അതിനെ സിപിഐഎം പിന്തുണയ്ക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. ചെറുവള്ളിയാണ് അനുകൂല സ്ഥലം. ചെറുവള്ളിയിൽ പരിസ്ഥിതി പ്രശ്നങ്ങളിലെന്നും രാജു എബ്രഹാം പറഞ്ഞു.
സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയ്ക്ക് പുതിയ സാമ്പത്തിക വ്യവസ്ഥ ഏർപ്പെടുത്തി സർക്കാർ. പുതുതായി പദ്ധതി അനുമതി ലഭിക്കണമെങ്കിൽ അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണം. അഞ്ചുലക്ഷം രൂപയോടൊപ്പം പ്രത്യേക സത്യവാങ്മൂലവും സമർപ്പിക്കണം. യൂണിഫോം, ക്യാംപുകൾ, ഓഫീസ് ചെലവുകൾ എന്നിവയും സ്കൂളുകൾ തന്നെയാണ് വഹിക്കേണ്ടത്. പുതിയ വ്യവസ്ഥ സ്കൂളുകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുമെന്ന് ആക്ഷേപം.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന വിഷയത്തിൽ പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേട. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ തന്നോട് ആണ് അപമര്യാദയായി പെരുമാറിയത് എന്ന് എംഎൽഎ ആരോപിച്ചു. എങ്കിലും തനിക്ക് ഇക്കാര്യത്തിൽ പരാതിയില്ല. ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടും അനുസരിക്കാത്ത ഡോക്ടർമാരാണ് പെരുമ്പാവൂരിലുള്ളതെന്നും എംഎൽഎ.
ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്ക് ശബരിമലയില്‍ മുന്‍ഗണന നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ. ജയകുമാര്‍. ശബരിമല എല്ലാ മേഖലയിലും ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കൊണ്ടുവരും. ബോര്‍ഡിന്റെ 690 മുറികളില്‍ 550 മുറികളും ഭക്തര്‍ക്കായി ഓണ്‍ലൈനായി ബുക്കിങ്ങിന് നല്‍കുമെന്നും ബോര്‍ഡിന്റെ മുറികളിലെ ശുചിത്വ പരിപാലനം ഏജന്‍സികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് കെഎസ്‌യു. പിണറായി സര്‍ക്കാരിനെതിരെ പത്ത് വര്‍ഷം സമരം ചെയ്തു. സമരത്തിന് ആഹ്വാനം ചെയ്യുന്നവര്‍ ഫോണെടുക്കുന്നില്ല. ഇത് തെറ്റായ പ്രവണതയെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വഴിയിലൂടെ പോകുന്ന എസ്എഫ്‌ഐക്കാരെ ചുമക്കേണ്ട ബാധ്യതയില്ല. പ്ലീഡറെ നിയമിച്ച നടപടി പിന്‍വലിക്കണം. കരയുന്ന പിള്ളയ്‌ക്കേ ചോറുള്ളൂ എന്നുവെച്ചാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തികളാക്കുന്നു. വ്യക്തിപരമായ ഒരു ആനുകൂല്യത്തിനും വാദിക്കുന്നില്ല. കെഎസ്‌യുക്കാരെ കണ്ടില്ലെന്ന് നടിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ബദിയടുക്കയില്‍ മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. ഡ്രൈവറായ ഏത്തടുക്ക സ്വദേശി അജിത് കുമാറാണ് മര്‍ദനത്തിന് ഇരയായത്. അടക്ക മോഷണ കേസിലെ പ്രതിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ പ്രതിയുമായി സാമ്യമുണ്ടെന്ന പേരില്‍ ജൂലൈ എട്ടിന്് രാത്രി ഏഴുമണിക്ക് വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ കാറില്‍ മഫ്തിയില്‍ എത്തിയ പൊലീസുകാര്‍ കാറില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം നാവായിക്കുളം പെട്രോള്‍ പമ്പിന് സമീപം ബൈക്ക് ബാരിക്കേഡില്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ചേന്നന്‍കോട് സ്വദേശി അരുണ്‍ കൃഷ്ണയാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മാവിന്‍മൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി തിരുവനന്തപുരം നഗരസഭ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍. സത്യപ്രതിജ്ഞക്കായി ജയില്‍ മോചനം വേണം. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്നണ് ഹൈക്കോടതി നിര്‍ദേശം. കാപ്പ ചുമത്തി ജയിലില്‍ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ലെന്നും സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടയുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. മുഴുവന്‍ ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമ്പാനൂരില്‍ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടുത്തം. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് അഗ്നിബാധയുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കില്ല
കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുമെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാതയുടെ കണ്‍സ്ട്രക്ഷന്‍ മാനേജരായ വിക്രം ഹിമാചല്‍ സ്വദേശിയാണ്. ഇന്ന് ഒന്ന്, രണ്ട്, മൂന്ന് സോണുകളില്‍ തിരച്ചില്‍ നടന്നെന്നും മന്ത്രി പറഞ്ഞു. മീനാക്ഷി പുഴയിലും പരമാവധി പരിശോധന നടത്തി. രണ്ടാമത്തെ സോണില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മുഴുവന്‍ അവിടെ നിന്ന് മാറ്റാനുള്ള നടപടികള്‍ നാളെ ഉണ്ടാകും. രണ്ടാമത്തെ സോണ്‍ കേന്ദ്രീകരിച്ചാണ് നാളെത്തെ തിരച്ചില്‍. ഈ സോണില്‍ നിന്ന് കണ്ടെത്താന്‍ പറ്റുമെന്നാണ് പ്രതീക്ഷ. വീഡിയോ അനാലിസിസ് പ്രതീക്ഷ നല്‍കുന്നതാണ്. എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാപുകളിലും നല്ല ക്രമീകരണം നടത്തി. താഞ്ഞിലോട് വരെ ബസ് സര്‍വീസും അവിടെ നിന്ന് ജീപ്പ് സര്‍വീസും ഏര്‍പ്പെടുത്തി. എല്ലാ സമയത്തും സര്‍വീസ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ 50 ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നാളെ പ്രോഗ്രസ് റിപ്പോര്‍ട്ടായി പുറത്തിറക്കും. ചെയ്ത കാര്യങ്ങളും സ്വീകരിച്ച നടപടികളും തീരുമാനങ്ങളും ആരോഗ്യമന്ത്രി പൊതുജനങ്ങളെ അറിയിക്കും. പരിപാടി രാവിലെ 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പഴയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുക.
നെയ്യാറ്റിന്‍കരയില്‍ രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഡിഎം ഒ അന്വേഷിക്കണമെന്ന് മനുഷ്യവാകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. രോഗിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കണം.
സെപ്റ്റംബര്‍ 2 ന് നടക്കുന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ ഡെപ്യൂട്ടി ഡിഎംഒ ഹാജരാകണമെന്നും നിര്‍ദേശം.
സമാന്തരമായി ഇന്നലെ തന്നെ ആരോഗ്യമന്ത്രി ഡിഎംഒയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
നെയ്യാറ്റിന്‍കര ആശുപത്രി സൂപ്രണ്ട് നല്‍കുന്ന പ്രാഥമിക റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച് ഡിഎംഒ ആരോഗ്യമന്ത്രിക്ക് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കൈമാറും.
കണ്ണൂര്‍: സിപിഐഎമ്മിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്ത്. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തില്‍ മുഴുവന്‍ ഫണ്ടും അദാനിയാണെന്ന് കരക്കമ്പിയുണ്ട്. സഖാക്കള്‍ക്കിടയില്‍ തന്നെ കരക്കമ്പി ഉണ്ടല്ലോ. കെ.കെ. രാഗേഷാണ് ഫണ്ടിങ്ങിന് പിന്നിലെന്നും ഉന്നത സഖാക്കള്‍ തന്നെ അടക്കം പറയുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ റിജില്‍ ആരോപിച്ചു.
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു. എരമത്തെ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് - വിജിഷ ദമ്പതികളുടെ മകനാണ്. ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞാണിത്.