Source: Files
KERALA

"എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം"; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ഇന്നത്തെ വാർത്തകൾ അറിയാം...

ന്യൂസ് ഡെസ്ക്

കണ്ണൂരിൽ വാഹനാപകടത്തിൽ നാല് മരണം

കണ്ണൂർ: ചാലോട് വാഹനാപകടത്തിൽ നാല് മരണം.കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം.

കോഴിക്കോട് ബൈക്ക് റോഡിലെ കുഴിയിൽ വീണ് അപകടം

കോഴിക്കോട്: ബൈക്ക് റോഡിലെ കുഴിയിൽ വീണ് അപകടം. റോഡിലെ കുഴിയിൽ വീണ് തെറിച്ച് വീണ ബൈക്ക് യാത്രികനെ എതിരെ വന്ന കാറടിക്കുകയായിരുന്നു. അപകടത്തിൽ കല്ലാച്ചി സ്വദേശി മത്തത്ത് പ്രദീപൻ (43) പരിക്കേറ്റു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വയനാട്ടിൽ പുലി കൂട്ടിൽ കുടുങ്ങി

വയനാട്: പൊഴുതനയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലികുടുങ്ങി. സേട്ടുക്കുന്ന് മേഖലയിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്തെ വളർത്തു മൃഗങ്ങളെ പുലി കഴിഞ്ഞ ദിവസങ്ങളിൽ വേട്ടയാടിയിരുന്നു. ഇന്ന് പുലർച്ചയാണ് പുലി കൂട്ടിൽ അകപ്പെട്ടത്. ആഴ്ചകളോളം പ്രദേശവാസികൾ ആശങ്കയിലായിരുന്നു.

പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെ.സി. വേണുഗോപാൽ

അയോധ്യ സംഭാവനാ കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർലമെന്റിൽ നരേന്ദ്രമോദി മറുപടി പറയണം. സർക്കാരിന് ഒന്നും മറച്ചുവെക്കാൻ ഇല്ലെങ്കിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയ്യാറാകുന്നില്ല. കൊള്ളകൾ നടക്കുന്നത് ബിജെപി നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ. ദൈവങ്ങളെ കൊള്ള നടത്താനും വർഗീയത വളർത്താനും ആണ് ബിജെപി ഉപയോഗിക്കുന്നത് എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

തകർന്നുവീണ ക്ലോക്ക് ടവർ പൊളിച്ച് മാറ്റാൻ നടപടി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവർ കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ സ്റ്റേഷനിലെ 1,4 പ്ലാറ്റ്‌ഫോമുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പൊളിച്ചുമാറ്റൽ നടപടികൾ പൂർത്തിയാക്കി കെട്ടി അവശിഷ്ടങ്ങൾ പ്ലാറ്റ്ഫോമിൽ നിന്നും മാറ്റിയാലേ രണ്ട്, മൂന്ന് ട്രാക്കുകൾ സാധാരണ രീതിയിലാകൂ. നിലവിൽ റെയിൽവേ സീനിയർ സേഫ്റ്റി ഓഫീസർമാർ അന്വേഷണം നടത്തുന്നുണ്ട്.

എംജി റോഡിലെ തകർന്ന കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ ഇന്നുമുതൽ

കൊച്ചി: എംജി റോഡിലെ തകർന്ന കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ ഇന്നുമുതൽ ആരംഭിക്കും. പ്രാരംഭ നടപടികൾ ഇന്നലെ ആരംഭിച്ചിരുന്നു. കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ ചിലവ് പൂർണമായും കെട്ടിടം ഉടമയിൽ നിന്നും ഈടാക്കും. സമീപത്തുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഉടമ നൽകണം. ഒരാഴ്ചകൊണ്ട് പൊളിക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്. അതേസമയം അശാസ്ത്രീയമായാണ് കെട്ടിടം പൊളിക്കൽ നടക്കുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോസ് ജംഗ്ഷന് സമീപം ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം സമീപത്തുള്ള കെട്ടിടത്തിലേക്ക് ചെരിഞ്ഞത്.

ധനരാജ് രക്തസാക്ഷിത്വ പോസ്റ്റിൽ സിപിഐഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂർ: ധനരാജ് രക്തസാക്ഷിത്വ ദിനത്തിൽ പങ്കുവെച്ച പോസ്റ്റിൽ സി പി ഐ എം നേതാക്കൾക്ക് രൂക്ഷ വിമർശനം. ടി. ഐ. മധുസൂദനൻ്റെയും കെ.കെ. രാഗേഷിൻ്റെയും പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപിച്ചാണ് വിമർശനം. ഇതോടെ ടി.ഐ. മധുസൂദനൻ കമൻ്റ് ബോക്സ് പൂട്ടിയിരിക്കുകയാണ്.

ആർ. ചന്ദ്രശേഖരനെതിരെ ഐഎൻടിയുസിയിൽ പടയൊരുക്കം

ആർ. ചന്ദ്രശേഖരനെതിരെ ഐഎൻടിയുസിയിൽ പടയൊരുക്കം. കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ സാഹചര്യത്തിൽ, ഐഎൻടിയുസി സംസ്ഥാനപ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് യോഗം ചേർന്നു. ഐഎൻടിയുസി മുൻ സംസ്ഥാന പ്രസിഡൻ്റ് സുരേഷ് ബാബു അഖിലേന്ത്യ സെക്രട്ടറി കെ.പി. ഹരിദാസ് ആർ എം പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്, ഇതുപോലുള്ള അഴിമതിക്കാരെ കൂടെനിർത്തുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. അഖിലേന്ത്യ പ്രസിഡന്റ് സജീവ് റെഡിക്ക് പരാതി നൽകാനും തീരുമാനമായി.

സീമാറ്റിലെ നിയമനത്തിലും ക്രമക്കേട് ആരോപിച്ച് ലീഗ് അധ്യാപക സംഘടനകൾ

തിരുവനന്തപുരം: സീമാറ്റിലെ നിയമനത്തിലും കലാപക്കൊടി ഉയർത്തി കോൺഗ്രസ് ലീഗ് അധ്യാപക സംഘടനകൾ.അടിസ്ഥാന യോഗ്യതയില്ലാത്ത വ്യക്തിയെ ഡയറക്ടർ പദവിയിലേക്ക് നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നീക്കം നടക്കുന്നു എന്നാണ് ആരോപണം.തസ്‌തികയിലേക്ക് പരിഗണിച്ച പ്രിൻസിപ്പലെ വെട്ടി റിട്ടേയർഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർക്ക് മുൻഗണന നൽകി എന്നും ആക്ഷേപമുണ്ട്.

കള്ളാടിയിലേത് സർക്കാർ നിർമിത ദുരന്തം: കെ. റഫീഖ്

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ സർക്കാർ നിർമിതമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. സംഭവത്തിൽ സർക്കാരിന് വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. മഴ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നതിൽ വരെ അപാകത ഉണ്ടായി. തുരങ്കപാത നിർമാണം നിർത്തിവെക്കേണ്ടതില്ലെന്നും ആളുകൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പദ്ധതിയാണിത് എന്നും റഫീഖ് പറഞ്ഞു.

കള്ളാടി മണ്ണിടിച്ചിൽ; തിരച്ചിൽ തുടരും

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഹിമാചൽ സ്വദേശിക്കായി ഇന്നും തെരച്ചിൽ. രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് പരിശോധന. അപകടകാരണം കണ്ടെത്താൻ കൊങ്കൺ റെയിൽവേ വിദഗ്ധ സംഘം ഇന്ന് വയനാട് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഒന്നര വയസുകാരൻ്റെ മരണം; നടപടി വേണമെന്ന് ബന്ധുക്കൾ

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ. കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലായിരുന്നു. അനസ്‌തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ആരാഞ്ഞു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. 18,000 രൂപ നൽകിയാൽ മാത്രമേ ചികിൽസിക്കൂ എന്ന് ഡോക്ടർ പറഞ്ഞെന്നും കുടുംബം ആരോപിച്ചു.

അന്വേഷണം ബോഡി ബിൽഡിങ് രംഗത്തേക്ക്

കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിലായ കേസിൽ അന്വേഷണം ബോഡി ബിൽഡിങ് രംഗത്തേക്ക്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. പ്രതി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പ്രതിയുടെ സാമ്പത്തിക ഇടപാടും വിശദമായ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

തലശേരിയിൽ നിന്ന് 185 ഗ്രാം എംഡിഎംഎ പിടികൂടി

കണ്ണൂർ തലശേരിയിൽ നിന്ന് 185 ഗ്രാം എംഡിഎംഎ പിടികൂടി. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്..പ്രതി തലശേരി സ്വദേശി മുഹമ്മദ് സമീലിമിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തി

എംജി റോഡിലെ ചെരിഞ്ഞ കെട്ടിടം പൊളിക്കൽ; നടപടികൾ ഇന്ന് ആരംഭിക്കും

കൊച്ചി എംജി റോഡിലെ ചെരിഞ്ഞ കെട്ടിടം പൊളിച്ച് നീക്കാനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ ചെലവ് പൂർണമായും കെട്ടിടം ഉടമയിൽ നിന്ന് ഈടാക്കും..പൊളിച്ച് മാറ്റുന്ന ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി അറിയിച്ചിരിക്കുന്നത്

ആറന്മുള വിമാനത്താവള പദ്ധതി: ഡ്രോൺ പറത്തിയത് സ്വകാര്യ വ്യക്തി, സർക്കാർ അതിൽ ഉത്തരവാദിയല്ലെന്ന് -മന്ത്രി റോജി എം. ജോൺ

ആറന്മുള വിമാനത്താവള പദ്ധതിയിൽ സർക്കാർ തലത്തിൽ തീരുമാനമില്ലെന്ന് മന്ത്രി റോജി എം. ജോൺ. പദ്ധതിയെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. സ്വകാര്യ വ്യക്തി ഡ്രോൺ പറത്തിയതിൽ സർക്കാർ ഉത്തരവാദിയല്ലെന്നും മന്ത്രി. അതേസമയം, യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ പത്ത് വർഷം കാണാത്ത ഭൂമാഫിയകൾ രംഗത്തിറങ്ങിയെന്ന് മുൻമന്ത്രി പി. പ്രസാദ്

വിഴിഞ്ഞം ഓഹരി കൈമാറ്റം സിപിഐഎമ്മിൽ അഭിപ്രായ ഭിന്നത ഇല്ലെന്ന് എം.വി. ഗോവിന്ദൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഐഎമ്മിൽ അഭിപ്രായ ഭിന്നത ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാർ അറിയാതെ ഓഹരിക്കൈമാറ്റം പാടില്ലെന്നാണ് പാർട്ടി നിലപാട്. അദാനിയുമായുള്ള ഇടപാടിൽ വി.ഡി. സതീശൻ മാത്രമല്ല രാഹുൽ ഗാന്ധിയും മറുപടി പറയണം എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ രണ്ട് നിലപാടില്ലെന്ന് എൽഡിഎഫ് കൺവീനറും പറഞ്ഞു. ഇ.പി. ജയരാജൻ്റെ പ്രതികരണം താൻ കണ്ടിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ.

മന്ത്രി ഒ.ജെ. ജനീഷിനെ അവഗണിക്കുന്നു; തൃശൂർ ഡിസിസിക്ക് വിമർശനം

കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷിനെ തൃശൂർ ഡിസിസി നേതൃത്വം അവഗണിക്കുന്നതായി വിമർശനം. കെപിസിസി നേതാക്കളായ അനിൽ അക്കരയ്ക്കും എം.പി. ജാക്സണും നൽകുന്ന സ്വീകരണ പരിപാടിയെ ചൊല്ലിയാണ് കലഹം. ജില്ലയിലെ പ്രധാന നേതാക്കളുടെ ചിത്രം വെച്ചുകൊണ്ടുള്ള ഫ്ലക്സിൽ മന്ത്രിക്ക് ഇടില്ലാത്തതിൽ ആണ് പാർട്ടിയിൽ ഒരു വിഭാഗത്തിന് അമർഷം.

മന്ത്രിയെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് നാട്ടുകാരെ അറിയിക്കുന്നത് അൽപ്പത്തരമാണെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഫർസിൻ മജീദ് ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ ചിത്രം മാത്രമാണ് പോസ്റ്ററിൽ ഉള്ളതെന്നാണ് ഡിസിസി അധ്യക്ഷന്റെ വിശദീകരണം.

കെ.എ. തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്ഐ നേതാവ്; നിയമനത്തിനെതിരെ യൂത്ത്കോൺഗ്രസ്

മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ നേതാവിന് നിമയനം. പാലക്കാട് മുണ്ടൂരിലെ നിതിനെയാണ് നിയമച്ചത്. നിയമനത്തിന് എതിരെ യൂത്ത്കോൺഗ്രസ് രംഗത്തെത്തി. സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

വീണ്ടും കൂട്ടപ്പിരിച്ചുവിടൽ! ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ് 

കോറോ ഹെൽത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ്. കൊച്ചി ആസ്ഥാനമായ ടാൽറോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജീവനക്കാർ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

സ്ഫോടക വസ്തു എറിഞ്ഞു, തോക്ക് ചൂണ്ടി! എസ്ഐടി സംഘത്തിന് നേരെ പ്രതികളുടെ ആക്രമണം

പ്രതികളെ പിടികൂടാനെത്തിയ എസ്ഐടി സംഘത്തിന് നേരെ ആക്രമണം. അന്വേഷണസംഘത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞും തോക്ക് ചൂണ്ടിയും പ്രതികൾ. പാലക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയി 70 കോടി ആവശ്യപ്പെട്ട കേസിലാണ് പ്രതികളെ പിടികൂടാനായി അന്വേഷണസംഘം എത്തിയത്. അക്രമത്തിൽ നാല് പോലീസുകാർക്ക് സാരമായി പരിക്കേറ്റു.

മാവൂർ, കുന്ദമംഗലം പൊലീസ് എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ്, ജാംസൺ എന്നിവരാണ് പിടിയിലായത്. കൊടശേരി താഴത്തെ സ്വകാര്യ വില്ലയിൽ രണ്ടാഴ്ചയായി താമസിച്ച് വരികയായിരുന്നു പ്രതികൾ.

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ കസ്റ്റഡിയിൽ

മലപ്പുറം: അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ ബൽരാജ് പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബൽരാജ്.

പ്രചരണ ഫണ്ടും തട്ടിച്ചു? ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന്. സിപിഎം ബന്ധമുള്ള പിആർ ഏജൻസിക്ക് കരാർ നൽകിയതിലാണ് ആക്ഷേപം. ഡസനിലേറെ സ്ഥാനാർഥികൾക്ക് വേണ്ടി ഒരു ഏജൻസിയാണ് പ്രവർത്തിച്ചത്. പലയിടത്തും പ്രചരണം പാതിവഴിയിൽ നിർത്തി.

തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണം; ദേവസ്വം ബോർഡിന് കത്ത് നൽകി തന്ത്രി കണ്ഠരര് രാജീവര്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകി തന്ത്രി കണ്ഠരര് രാജീവര്. പിന്മാറുന്നത് അനാരോഗ്യം കാരണം എന്ന് എന്ന് വിശദീകരണം. പകരം തന്ത്രിസ്ഥാനത്തേക്ക് മകൻ കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യം. ചിങ്ങമാസ പൂജ മുതൽ ശബരിമലയിലെ പൂജാ ചടങ്ങുകൾ നിർവഹിക്കേണ്ടത് തന്ത്രി കൺഠരര് രാജീവരാണ്.

കൊടി വിതരണ കരാർ നൽകിയതിലും അഴിമതി; ബിജെപിയിൽ വീണ്ടും വിവാദം

കൊടി വിതരണകരാർ നൽകിയതിലും ബിജെപിയിൽ അഴിമതി ആരോപണം. കരാർ കിട്ടാൻ ബിജെപി നേതാവ് പങ്കാളിയായ കമ്പനിയെ വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം. കമ്പനി കരാർ നൽകിയത് മറ്റുളളവരുടെ ക്വട്ടേഷൻ തുക അറിഞ്ഞശേഷമെന്നും ആക്ഷേപം. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദ്യാൻ ട്രേഡേഴ്സിനായിരുന്നു കൊടി വിതരണകരാർ.

ഓപ്പറേഷൻ തൂഫാൻ; ഇതുവരെ 6632 അറസ്റ്റ് നടന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാനിൽ സംസ്ഥാനത്ത് ഇതുവരെ 6632 അറസ്റ്റ് നടന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 6182 കേസുകൾ കേസുകൾ രജിസ്റ്റർ ചെയ്തു. 35 കോടി രൂപ മൂല്യമുള്ള ലഹരി വസ്തുക്കൾ പിടികൂടിയെന്നും രമേശ് ചെന്നിത്തല.

ന്യൂസ് മലയാളം വാർത്തയിൽ നടപടി; 18 മണിക്കൂറോളം ചികിത്സ ലഭിക്കാത്ത രോഗിക്ക് മികച്ച ചികിത്സ ലഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പുനലൂർ സ്വദേശി സുരേന്ദ്രന്റെ ആരോഗ്യനിലയിൽ പുരോഗതി. 18 മണിക്കൂറോളം ചികിത്സ ലഭിക്കാതെ രോഗി മെഡിക്കൽ കോളേജിൽ കഴിയേണ്ടി വന്നെന്ന ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് രോഗിക്ക് മികച്ച ചികിത്സ ലഭിച്ചത്. എംഎൽഎയുടെ ശുപാർശയെ തുടർന്ന് സീനിയർ ഡോക്ടർ രോഗിയെ പരിശോധിച്ചു. സിസ്റ്റത്തോട് സഹകരിക്കാത്ത ചിലർ ഇപ്പോഴുമുണ്ടെന്നും കഴിയുന്നത്ര തിരുത്താൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

ഇറ്റാലിയൻ വിസയുടെ പേരിൽ തട്ടിപ്പ്; കേസെടുത്ത് പൊലീസ്

ഇറ്റാലിയൻ വിസയുടെ പേരിൽ കോടികൾ തട്ടിയെന്ന ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ നടപടിയുമായി പൊലീസ്. കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, സ്‌റ്റേഷനുകളിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. റിട്ടയേഡ് ഐബി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ.. സത്യപ്തി റിക്യൂട്ട്മെൻ്റ് ഏജൻസിയുടെ ബാങ്കിടപാടുകൾ പരിശോധിക്കും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യത ഉണ്ട്.

മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി.ഡി. സതീശൻ പങ്കെടുത്തു. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സന്ദർശനം.

ജാമ്യവ്യവസ്ഥ ലംഘിച്ചു കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ എസ്ഐടി

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ എസ്ഐടി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. തിരുവള്ളുരിലെ സ്വീകരണത്തിലുണ്ടായ അക്രമവും എഫ്ബി പോസ്‌റ്റും ചൂണ്ടിക്കാട്ടിയാണ് എസ്ഐടിയുടെ നീക്കം.

കള്ളാടി ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സർക്കാർ

കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സർക്കാർ. പരിക്കേറ്റവർക്ക് പരിക്കിൻ്റെ സ്വഭാവം വഅനുസരിച്ച് രണ്ട് ലക്ഷം രൂപ വരെയും സഹായം നൽകും. അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപികരിക്കാനും ഉത്തരവായി.

മന്ത്രി ഒ.ജെ. ജനീഷിനോട് അവഗണന; അനിൽ അക്കരയ്ക്കും എം.പി.ജാക്സണുമുള്ള സ്വീകരണ പരിപാടി മാറ്റി തൃശൂർ ഡിസിസി

മന്ത്രി ഒ.ജെ. ജനീഷിനെ അവഗണിക്കുന്നെന്ന പരാതിക്ക് പിന്നാലെ അനിൽ അക്കരയ്ക്കും എം.പി. ജാക്സണുമുള്ള സ്വീകരണ പരിപാടി മാറ്റി തൃശൂർ ഡിസിസി. കാലവർഷക്കെടുതികളെ തുടർന്ന് പരിപാടി മാറ്റുന്നെന്നാണ് വിശദീകരണം. സ്വീകരണപരിപാടിയുടെ പോസ്റ്ററിൽ മന്ത്രി ഒജെ.ജനീഷിന്റെ ചിത്രം ഉൾപ്പെടുത്താത്ത് ആണ് വിവാദമായത്.

പ്രിയദർശിനി: പ്രതിസന്ധിയിലായി അന്തർസംസ്ഥാന റൂട്ടുകളിലെ സ്വകാര്യ ബസുകളും

പ്രിയദർശിനി സർവീസിനെ തുടർന്ന് പ്രതിസന്ധിയിലായി അന്തർസംസ്ഥാന റൂട്ടുകളിലെ സ്വകാര്യ ബസുകളും. സർവീസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ചാലക്കുടി-വാൽപാറ റൂട്ടിൽ സർവീസ് നടത്തുന്ന '' ചീനിക്കാസ് " ബസ്സുകൾ. പ്രിയദർശിനി പദ്ധതി വന്നതിനു പിന്നാലെ യാത്രക്കാർ ഗണ്യമായി കുറഞ്ഞതാണ് സർവീസ് അവസാനിപ്പിക്കാൻ കാരണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. 60 വർഷം പിന്നിടുന്ന ബസ്സുകൾ സർവീസ് നിർത്തുന്നതോടെ മലയോര - തോട്ടം മേഖലകളിലെ തൊഴിലാളികളും ആദിവാസികളുമാണ് പ്രതിസന്ധിയിലാകുന്നത്.

ആരോഗ്യവകുപ്പിൻ്റെ 50 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി കെ. മുരളീധരൻ

വിവാദ ചുഴിയിൽപ്പെട്ട് നിൽക്കെ ആരോഗ്യവകുപ്പിൻ്റെ 50 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി കെ. മുരളീധരൻ അവതരിപ്പിച്ചു. 100 ദിവസം കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികൾ 50 ദിവസം കൊണ്ട് പ്രാബല്യത്തിൽ വരുത്തിയെന്ന അവകാശവാദമാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. 50 ദിവസത്തിനിടെ നടപ്പാക്കിയ പദ്ധതികളും, സ്വീകരിച്ച നടപടികളും മന്ത്രി റിപ്പോർട്ടിൽ വിശദീകരിച്ചു. പരിപാടിയിൽ നിന്ന് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ള മുഖ്യാഥികൾ വിട്ടുനിന്നു.

പൊതിച്ചോറിനായി പണം പിരിക്കുന്നതിനെയാണ് എതിർത്തത്; പ്രസ്താവനയെ ന്യായീകരിച്ച് ജി. സുധാകരൻ എംഎൽഎ

മെഡിക്കൽ കോളേജുകളിലെ ഭക്ഷണ വിതരണം നിർത്തണമെന്ന പ്രസ്താവനയെ ന്യായീകരിച്ച് ജി. സുധാകരൻ എംഎൽഎ. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഷെഡ് കെട്ടി പാചകം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുകയാണ്. പൊതിച്ചോറിനായി പണം പിരിക്കുന്നതിനെയാണ് എതിർത്തത്. ഡിവൈഎഫ്ഐ നേരത്തെ നൽകിയിരുന്നത് വീടുകളിൽ നിന്നും പൊതിച്ചോറ് വാങ്ങിയാണെന്നും ജി. സുധാകരൻ.

കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ റാഗിങ്ങിന്റെ പേരിൽ മർദിച്ച് സീനിയേഴ്സ്

കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി മർദ്ദിച്ചതായി പരാതി.കോഴിക്കോട് ബാലുശ്ശേരി പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പുതിയതായി എത്തിയ 5 പ്ലസ് വൺ വിദ്യാർഥികളെയാണ് സീനിയേഴ്സ് മർദിച്ചത്. ഷർട്ടിന്റെ ബട്ടൻ ഇടാൻ പറഞ്ഞത് അനുസരിക്കാത്തതിനെ തുടർന്നാണ് മർദനമെന്ന് രക്ഷിതാക്കൾ. മർദനത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകി

"സർക്കാരിന്റെ 50 ദിവസത്തെ പരിപാടി ആയതുകൊണ്ടുള്ള വിമുഖത" ആരോഗ്യവകുപ്പ് പരിപാടിയിൽ മുഖ്യാതിഥികൾ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: 'ആരോഗ്യവകുപ്പിന്റെ 50 ദിവസങ്ങൾ' പരിപാടിയിൽ മുഖ്യാതിഥികൾ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. പരിപാടി നടന്നത് തീരുമാനിച്ച അധ്യക്ഷനില്ലാതെയാണ്. എംഎൽഎ വി. മുരളീധരനെ അധ്യക്ഷനായിട്ടും മേയറെ മുഖ്യാഥിതിയായിട്ടും വിളിച്ചിരുന്നു. സർക്കാരിന്റെ 50 ദിവസത്തെ പരിപാടി ആയതുകൊണ്ടുള്ള വിമുഖത ആയിരിക്കാം. പുലയനാർക്കോട്ടയിലെ പരിപാടിക്ക് എംഎൽഎ വി. മുരളീധരൻ വന്നിരുന്നു. ആരോഗ്യവകുപ്പിന്റെ വിസ്മയത്തിലെ വിയോജിപ്പാകും. ശശി തരൂർ എംപി സ്ഥലത്തില്ലെന്ന് അറിയിച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

"സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിക്കില്ല";  ആരോഗ്യവകുപ്പിൻ്റെ 50 ദിന പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങില്ലെന്ന് ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. മന്ത്രി ഒരുപാട് പറഞ്ഞ് മടുത്ത് മതിയാക്കി പോകുമെന്ന് ആരും ചിന്തിക്കേണ്ട. നല്ലകാര്യങ്ങളിൽ പിടിവാശിയുള്ള വ്യക്തിയാണ് താനെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പിൻ്റെ 50 ദിന പ്രവർത്തനങ്ങൾ അടങ്ങുന്ന പ്രോഗ്രസ് റിപ്പോർട്ടായ ‘ആരോഗ്യവകുപ്പിലെ അൻപത് വിസ്മയ ദിനങ്ങളുടെ’ പ്രകാശനം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഇന്നത്തെ തെരച്ചിൽ അവസാനിച്ചു

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം കളിയിക്കാവിളയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാറക്കോണത്തെ സ്വകാര്യ കോളേജിലെ വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുനെല്ലായിയിൽ തോട്ടിൽ മൃതദേഹം കണ്ടെത്തി

പാലക്കാട്‌ തിരുനെല്ലായിയിൽ തോട്ടിൽ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

"തലമുറകളെ ഒപ്പം നടത്തിയ എക്കാലത്തേയും മികച്ച ഗായിക"; എസ്. ജാനകിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പിണറായി വിജയൻ

"പാട്ടിൻ്റെ അമ്മയ്ക്ക് പ്രണാമം, ഏറ്റവും പ്രിയപ്പെട്ട ഗായിക"; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പാട്ടിൻ്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവും സ്‌നേഹോഷ്മളവുമായ മറ്റൊരു ശബ്‌ദം മലയാളിയുടെ ആത്മാവിൽ വേറെയേതാണുള്ളത്?. ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം... അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാർക്കും കഴിയാത്ത വിധം അനശ്വരമാക്കി.

ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണ്.

ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ എന്നത് വിശ്വസിക്കാൻ കഴിയുമോ? അതാണ് എസ് ജാനകി. സംഗീത സംവിധായകർ മനസിൽ കാണുന്നതിന് അപ്പുറമാണ് എസ് ജാനകി തിരികെ കൊടുത്തത്. അങ്ങനെയാണ് ആ ശബ്‌ദം മലയാളിയുടെ ഹൃദയത്തെ കീഴടക്കിയത്. ഒരു ഗായിക എന്നതിന് അപ്പുറം എസ് ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്‌ദം നൽകിയ സ്നേഹ വാത്‌സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങൾ. എസ് ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല.

തലമുറകളുടെ ഹൃദയം കവർന്ന ശബ്‌ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ.

ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേൻ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിൻ, ആടിവാകാറ്റേ, നിറങ്ങൾ തൻ നൃത്തം തുടങ്ങി മിഴിയോരം നനഞ്ഞൊഴുകും, മോഹം കൊണ്ടു ഞാൻ, നാഥാ നീവരും... അങ്ങനെ എത്രയെത്ര മധുര ഗാനങ്ങൾ!

സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്‌ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം.

"സ്വരമാധുര്യത്തിന്റെ യുഗം അവസാനിച്ചു, എസ്. ജാനകിയുടെ വേർപാട് ഇന്ത്യൻ സംഗീതത്തിന് തീരാനഷ്ടം"; അനുശോചനമറിയിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സംഗീത ലോകത്തിന് ഇന്ന് തീരാനഷ്ടത്തിന്റെ ദിനമാണ്

സ്വരമാധുര്യം കൊണ്ട് തലമുറകളുടെ ഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ ഗായിക എസ്. ജാനകി ഇനി ഓർമ്മകളിൽ മാത്രം. ഭാഷകളുടെയും കാലത്തിന്റെയും അതിരുകൾ മറികടന്ന് അനശ്വരമായ ഗാനങ്ങളിലൂടെ പ്രിയ ഗായിക എന്നും ജനഹൃദയങ്ങളിൽ ജീവിക്കും.

എസ് ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിനും കലാസാംസ്കാരിക മേഖലയ്ക്കും നികത്താനാകാത്ത നഷ്ടമാണ്.

ഇന്ത്യൻ സംഗീതത്തിന് എസ് ജാനകി നൽകിയ സംഭാവനകൾക്ക് ഹൃദയപൂർവം ആദരവ് അർപ്പിക്കുന്നു. ജനങ്ങളുടെ ഇഷ്ട ഗായികയുടെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സംഗീത പ്രേമികളുടെയും ദുഃഖത്തിലും ഒപ്പം ചേരുന്നു..

പ്രണാമം

"ഭാഷാ അതിര്‍വരമ്പുകളെ സ്വരമാധുര്യം കൊണ്ട് ഭേദിച്ച അതുല്യപ്രതിഭ"; അനുശോചനമറിയിച്ച് മന്ത്രി സണ്ണി ജോസഫ്

"സംഗീതത്തെ ജീവിതവ്രതമാക്കി മാറ്റിയ കലാകാരി"; അനുശോചനമറിയിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:


സംഗീതത്തെ ജീവിതവ്രതമാക്കിയ ജാനകിയമ്മയുടെ സ്വരം ഭാഷകൾക്കും അതിരുകൾക്കും അതീതമായി മനുഷ്യഹൃദയങ്ങളെ സ്പർശിച്ചു. എത്ര ഉയർന്ന സ്ഥായിയിലുള്ള ഗാനങ്ങളും അനായാസം ആലപിക്കാനുള്ള അസാമാന്യമായ കഴിവും, ഏത് ഭാഷയിൽ പാടിയാലും ആ ഭാഷയുടെ ആത്മാവിനെ സ്വരത്തിൽ ആവാഹിക്കാനുള്ള അനുപമമായ ഭാവഗാംഭീര്യവുമാണ്അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. അതുകൊണ്ടുതന്നെ അവർ ആലപിച്ച ഓരോ ഗാനവും ഓരോ വികാരാനുഭവങ്ങളായി മാറി.

മലയാളികൾ ജാനകിയമ്മയെ ഏറ്റവും ഹൃദയത്തോട് ചേർത്തത് എം. എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയായിരുന്നു. 'തളിരിട്ട കിനാക്കൾതൻ', 'അഞ്ജന കണ്ണെഴുതി', 'സൂര്യകാന്തീ...', 'ഒരു കൊച്ചു സ്വപ്നത്തിൻ', 'താമരക്കുമ്പിളിലല്ലോ മമഹൃദയം' തുടങ്ങി അനേകം ഗാനങ്ങൾ ഇന്നും മലയാളിയുടെ ഓർമകളിൽ തുളുമ്പി നിൽക്കുന്നു.

'ഇന്നലെ നീയൊരു സുന്ദരരാഗമായെൻ', 'ഉണരൂ വേഗം നീ', 'ആ നിമിഷത്തിന്റെ നിർവൃതിയിൽ', 'ഇളം മഞ്ഞിൻ കുളിരുമായി', 'ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ', 'മഞ്ഞണിക്കൊമ്പിൽ', 'ഗോപികേ നിൻ വിരൽ', 'തേനും വയമ്പും', 'മൈനാകം', 'നാഥാ നീ വരും കാലൊച്ച' തുടങ്ങി അനേകം ഗാനങ്ങൾ തലമുറകൾ കടന്നും മലയാളികളുടെ സംഗീതസ്മരണകളായി കുടിയിരിക്കും.

നമ്മുടെ ഭിന്ന വികാരങ്ങൾക്ക് സ്വരം പകർന്ന കലാകാരിയായിരുന്നു ജാനകിയമ്മ. സന്തോഷവും സ്നേഹവും വിരഹവും പ്രാർത്ഥനയും ഒരുപോലെ സംഗീതമായി ഹൃദയങ്ങളിലേക്ക് പകർന്ന ആ അനശ്വര ശബ്ദം, കാലം മായ്ക്കാത്ത ഓർമയായി തലമുറകളിലൂടെ ഒഴുകിക്കൊണ്ടിരിക്കും.

ഇന്ത്യൻ സംഗീത ലോകത്തിന് പൊതുവെയും മലയാളത്തിന് പ്രത്യേകിച്ചും നികത്താനാവില്ല ആ നഷ്ടം.

പാടിയ ഓരോ ഗാനത്തിലും, ഓരോ ഓർമയിലും, ഓരോ ഹൃദയസ്പന്ദനത്തിലും ആ സ്വരം ഇനിയും ഒഴുകും.

ജാനകിയമ്മയ്ക്ക് ഹൃദയാഞ്ജലി

"സംഗീതം കൊണ്ട് ദുഃഖങ്ങൾ മറക്കുകയും മറയ്ക്കുകയും ചെയ്ത ഗായിക": ശ്രീകുമാരൻ തമ്പി

"ജാനകിയമ്മയ്ക്ക് മരണമില്ല, അവരുടെ ഗാനങ്ങൾ മൂളാത്തതായി ആരുമില്ല": വിദ്യാധരൻ മാസ്റ്റർ 

"തലമുറകളുടെ സ്നേഹവും ആദരവും നേടിയെടുത്ത പ്രതിഭ": മന്ത്രി കെ. മുരളീധരൻ

അന്തരിച്ച എസ്. ജാനകിയുടെ സംസ്കാര ചടങ്ങുകൾ നാളെ

അന്തരിച്ച എസ്. ജാനകിയുടെ സംസ്കാര ചടങ്ങുകൾ നാളെ മൈസൂരുവിൽ. മൈസൂരു മഹാരാജാ കോളേജ് മൈതാനത്ത് രാവിലെ 7.30 മുതൽ പൊതുദർശനം നടക്കും. വൈകീട്ട് കനിയനഹുണ്ടി എസ്റ്റേറ്റിൽ സംസ്കാര ചടങ്ങുകൾ നടക്കും.

''പാടിയ ഗാനങ്ങളെല്ലാം പാഠപുസ്തകം, ആ ശബ്ദമാധുര്യം മറികടക്കാന്‍ മറ്റൊന്നില്ല": എം.ജി. ശ്രീകുമാര്‍

SCROLL FOR NEXT