കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സമദൂര നിലപാടില്ലെന്ന് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്കാ സഭ. സ്വാധീനമുള്ള ഇടങ്ങളിൽ സഭാ വിശ്വാസികളെ സ്ഥാനാര്‍ഥികളാക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കും. പ്രാദേശിക തലത്തിൽ മുന്നണികളുമായി ചർച്ചകൾ പൂർത്തിയായി. വിഴിഞ്ഞത്തെയും മുനമ്പത്തെയും പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും പരിഹരിച്ചിട്ടില്ലെന്നും ലത്തീൻ കത്തോലിക്ക സഭ കുറ്റപ്പെടുത്തി.
ലത്തീന്‍ കത്തോലിക്കര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സഭ വിശ്വാസികളെ സ്ഥാനാര്‍ഥികളാക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് കേരള റീജിയൺ ലത്തീൻ കത്തോലിക്ക് കൗൺസിൽ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു. മുന്നണികളുടെ സംസ്ഥാന നേതൃത്വവുമായി നിലവിൽ ചർച്ച നടത്തിയിട്ടില്ല. എന്നാൽ പ്രാദേശിക തലത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ജോസഫ് ജൂഡ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
വിഴിഞ്ഞത്തെ പ്രശ്നങ്ങൾ സർക്കാർ പൂർണമായി പരിഹരിച്ചിട്ടില്ല. മുനമ്പം പ്രശ്നം സർക്കാരിന് അടിയന്തരമായി തീർപ്പ് കൽപ്പിക്കാവുന്നതാണ് എന്നാൽ ഇതുവരെയും തീർപ്പായിട്ടില്ല. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് പറയാൻ ഇപ്പോൾ കഴിയില്ല. എന്നാൽ ഭരണത്തിൽ ഇരുന്നു കൊണ്ട് ലത്തീൻ കത്തോലിക്കാ സമുദായത്തിന് ചെയ്തു തരാവുന്ന കാര്യങ്ങൾ ചെയ്തിട്ടില്ല എന്ന് പറയാൻ കഴിയും. ഇതൊക്കെ പ്രാദേശിക തലത്തിൽ എല്ലായിടത്തും ഒരുപോലെ ചർച്ചാവിഷയം ആകുമോ എന്നറിയില്ലെന്നും ജോസഫ് ജൂഡ്.