KERALA

പറവൂരിൽ വി.ഡി. സതീശനെതിരെ മത്സരിക്കുന്നത് അംഗീകാരം; സ്ഥാനാർഥിത്വത്തിൽ അഭിമാനമുണ്ട്: ഇ.ടി. ടൈസൺ

"കേരളത്തിൽ ഈ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ തന്നെയാണ് മത്സരിക്കാൻ ആത്മവിശ്വാസം നൽകുന്നത്"

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ വി.ഡി. സതീശനെതിരെ മത്സരിക്കുന്നത് അംഗീകാരമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് കൊണ്ടുവന്ന ധാരാളം വികസന പ്രവർത്തനങ്ങളുണ്ട്. അത് എല്ലാ മേഖലയിലും ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സ്ഥാനാർഥിത്വത്തിൽ അഭിമാനമുണ്ടെന്നും ഇ.ടി. ടൈസൺ ന്യൂസ് മലയാളം ലീഡേഴ്സ് മോർണിങ്ങിൽ പറഞ്ഞു.

"പറവൂരിൽ വി.ഡി. സതീശനെതിരെ മത്സരിക്കുന്നത് അംഗീകാരമാണ്. കേരളത്തിൽ ഈ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്. അത് തന്നെയാണ് മത്സരിക്കാൻ ആത്മവിശ്വാസം നൽകുന്നത്. അത് എല്ലാം മാനവികതയിൽ ഊന്നിയ വികസനങ്ങളാണ് എന്നതാണ് പ്രധാനം. അത് തിരിച്ചറിയാൻ ഏത് മണ്ഡലത്തിലുള്ളവർക്കും കഴിയുമെന്നാണ് വിശ്വാസം. എല്ലാ ജനവിഭാഗങ്ങൾക്കും ക്ഷേമകരമായ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിന്ന് കഴിഞ്ഞു. അതുകൊണ്ട് തന്നെ വലിയ ആത്മവിശ്വാസമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ നിർണയിക്കുന്നത് പാർട്ടിയാണ്. അത്തരത്തിലുള്ള ആലോചനയുടെ ഭാ​ഗമായാണ് എന്നെ സ്ഥാനാർഥിയാക്കിയത്. ഓരോ സ്ഥാനാർഥികളെയും തീരുമാനിക്കുന്നത് സാധ്യതകളുടെ അടിസ്ഥാനത്തിലാണ്. അത് എല്ലാം പരി​ഗണിച്ചാണ് സ്ഥാനാർഥികളെ നിർണയിക്കുന്നത്. അത്തരത്തിലേക്ക് എന്നെ പരി​ഗണിച്ചതിൽ അഭിമാനമുണ്ട്. കേരളത്തിലെ ഏറ്റവും ​ഗൗരവമായ മത്സരത്തിന് തയ്യാറാകണം എന്ന് പാർട്ടി പറയുമ്പോൾ അത് എനിക്ക് അം​ഗീകാരമാണ്" ഇ.ടി. ടൈസൺ.

സി.സി. മുകുന്ദന് തിരുത്താനുള്ള സമയവും സാവകാശവും സിപിഐ നൽകിയെന്നും ടൈസൺ പറഞ്ഞു. ഓരോ പ്രശ്നം ഉണ്ടാവുമ്പോഴും അതിന്റെ മെറിറ്റടിസ്ഥാനത്തിലാണ് പാർട്ടി എടപെടലുകൾ നടത്തുന്നത്. സിപിഐ നേതൃത്വം ഓരോ തവണയും നന്നായി ആലോചിച്ചാണ് മുകുന്ദനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചത്. തെറ്റായ ഒരു നടപടിയും പാർട്ടിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. പാർട്ടി അവസാന സമയം വരെയും അദ്ദേഹത്തെ നേരായ വഴിയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ലീഡേഴ്സ് മോർണിങ്ങിൽ പറഞ്ഞു. വലിയ ഭൂരിപക്ഷത്തോടെയാണ് നാട്ടിക മണ്ഡലം ഇതുവരെ ഇടതുപക്ഷത്തിനൊപ്പം നിന്നത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT