ഭരണകക്ഷി എന്ന നിലയിലും സ്വന്തം എം എൽ എ ആരോപണം ഉന്നയിച്ച് രാജിവച്ച സീറ്റെന്ന നിലയിലും സിപിഎമ്മിന് ഏറെ വെല്ലവിളികൾ സമ്മാനിച്ച് ഉപതെരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. അഞ്ചര പതിറ്റാണ്ടിന് ശേഷം നിലമ്പൂരിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ ഒരു സ്ഥാനാർഥിയെ വിജയിപ്പിച്ച് ചരിത്രം കുറിക്കാനുള്ള പാർട്ടി കണക്കുകൂട്ടലും തെറ്റി 11077 വോട്ടുകൾക്കാണ് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനോട് പരാജയപ്പെട്ടത്. 66660 വോട്ടുകളാണ് സ്വരാജ് നേടിയത്. ഷൗക്കത്ത് 77737 വോട്ടുകളും പി.വി. അൻവർ 19760 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8648 വോട്ടുകളുമാണ് നേടിയത്.
എൽഡിഎഫ് സർക്കാരിനും , പിണറായി വിജയനും ഏറെ ഗുണം ചെയ്യുമായിരുന്ന അവസരമാണ് സ്വരാജിന്റെ പരാജയത്തിലൂടെ നഷ്ടമായത്. അൻവറിൻ്റെ ഇറങ്ങിപ്പോക്ക്, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തിയ ആരോപണങ്ങൾ, യുഡിഎഫിന്റെ വെല്ലുവിളി തുടങ്ങിയ എല്ലാ പ്രതിസന്ധികൾക്കും മറുപടി എന്ന നിലയിൽ മുഖ്യമന്ത്രി തന്നെയാണ് സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അതും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കാനും തീരുമാനം. സ്വരാജിനെ ഇറക്കൂവെന്ന് വെല്ലുവിളിച്ചവരെ ഞെട്ടിച്ചെന്ന തരത്തിൽ അണികളുടെ അഹ്ളാദ പ്രകടനം. പ്രചരണത്തിലുടനീളം അതേ അത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫും സ്വരാജും.
എന്നാൽ തോൽവി അറിഞ്ഞതോടെ സർക്കാരും, മുഖ്യമന്ത്രിയും മാത്രമല്ല സിപിഎമ്മും, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിസന്ധിയിലായിരിക്കുന്നു. മണ്ഡലത്തിലെ പ്രതീകൂല സാഹചര്യങ്ങളും, പ്രചാരണത്തിലെ പോരായ്മയും വിലയിരുത്തുമ്പോൾ ആർഎസ്എസ് പരാമർശത്തിൽ പാർട്ടി സെക്രട്ടറിയുടെ നാക്കു പിഴയും ചർച്ചയാകുകയാണ്.
സിപിഐഎമ്മിൻ്റെ യുവനിരയിൽ വാക്ചാതുര്യം കൊണ്ടും നിലപാടുകൾ കൊണ്ടും ചർച്ചയിൽ നിറഞ്ഞു നിൽക്കുന്ന നേതാവാണ് എം സ്വരാജ്. അതുകൊണ്ടു തന്നെ ആ രാഷ്ട്രീയ സഞ്ചാരം പലപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്തുന്നവ കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് മുതൽ യുദ്ധം വരെയുളള വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുമ്പോഴും പാർട്ടിയുടെ ചട്ടക്കൂടിനകത്ത് തന്നെ അതിനെ നിർത്താനും സ്വരാജി കഴിഞ്ഞിരുന്നു. എന്നാൽ പലപ്പോഴും പ്രസ്താവനകൾ കൈവിട്ടുപോയിട്ടുമുണ്ട്.
നിലമ്പൂർ പോത്തുകല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ് നാൽപ്പത്തിയഞ്ചുകാരനായ സ്വരാജ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നുവന്ന സ്വരാജ്, പ്രസംഗം, എഴുത്ത്, വിദ്യാർത്ഥി സമരങ്ങൾ എന്നിവയിലൂടെ കേരളത്തിൻ്റെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി.
2016 ൽ തൃപ്പൂണിത്തുറയിൽ നിന്ന് വിജയിച്ച് സ്വരാജ് നിയമസഭയിലെത്തി. എന്നാൽ 2021 ൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ ബാബു സ്വരാജിനെ തോൽപ്പിച്ച് മണ്ഡലം തിരിച്ച് പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയെങ്കിലും കെ ബാബുവിന്‍റെ വിജയം സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. നിലവിൽ ദേശാഭിമാനി റസിഡന്‍റ് എഡിറ്ററാണ് എം സ്വരാജ്.