എം.വി. ഗോവിന്ദന്‍ 
KERALA

സിപിഐയുമായി ചര്‍ച്ച നടത്തും, അർഹതപ്പെട്ട പണം കേരളത്തിന് കിട്ടണം; പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടെന്ന് എം.വി. ഗോവിന്ദന്‍

പിഎം ശ്രീയുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ തര്‍ക്കമില്ല. സംസ്ഥാനത്തിന് ലഭിക്കേണ്ട പദ്ധതികളുടെ പണം കിട്ടുക തന്നെ വേണം.

Author : ന്യൂസ് ഡെസ്ക്

പിഎം ശ്രീയുമായി സംസ്ഥാനം മുന്നോട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും ആശങ്കകള്‍ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ക്ക് സിപിഐഎം എതിരാണെന്നും അത്തരം കാര്യങ്ങള്‍ കൂടിയാലോചിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ്. ആദ്യം പിഎം ശ്രീയില്‍ ഒപ്പുവച്ചത് കോണ്‍ഗ്രസ് ഭരിച്ച രാജസ്ഥാന്‍ ആണ്. അവര്‍ക്ക് ഒന്നും മിണ്ടാന്‍ അവകാശമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ തര്‍ക്കമില്ല. സംസ്ഥാനത്തിന് ലഭിക്കേണ്ട പദ്ധതികളുടെ പണം കിട്ടുക തന്നെ വേണം. 8000 ത്തോളം കോടി രൂപ കിട്ടാതെ കിടക്കുകയാണ്. നിലവില്‍ അതെല്ലാം നല്‍കുന്നത് കേരള സര്‍ക്കാര്‍ ആണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യമാണെങ്കിലും അത് അങ്ങനെയാണ്. കേരളത്തിന് അര്‍ഹതപ്പെട്ട പണം നല്‍കണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സിപിഐ മുന്നണിയുടെ പ്രബല പാര്‍ട്ടിയാണ്. ഭരണപരമായ പ്രശ്‌നങ്ങള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്യും. സിപിഐയെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ കാര്യങ്ങള്‍ എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന് വിദ്യാഭ്യാസ മന്ത്രിയോട് കൂടി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐയെ പരിഹസിച്ചെന്ന വാര്‍ത്തയിലും എം.വി. ഗോവിന്ദന്‍ മറുപടി പറഞ്ഞു. 'എന്ത് സിപിഐ' എന്ന് ചോദിച്ചതിനെ തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. ഞാന്‍ പ്രതികരിക്കാതെ പോയി എന്നതല്ലേ വാര്‍ത്ത. അത് നല്‍കാതെ ഞാന്‍ പരിഹസിച്ചെന്ന് വാര്‍ത്ത നല്‍കി. അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT