കണ്ണൂർ: ജില്ലയിൽ യുഡിഎഫിൻ്റെ കോട്ടയായ തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നാണ് പാനൂർ നഗരസഭ. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ പത്ത് വർഷത്തെ യുഡിഎഫ് ഭരണം പൂർണ പരാജയമാണെന്നും ഭരണമാറ്റം അനിവാര്യമാണെന്നുമാണ് എൽഡിഎഫ് പക്ഷത്തിൻ്റെ നിലപാട്.
2015 ലാണ് പാനൂർ നഗരസഭ രൂപീകരിക്കുന്നത്. പാനൂർ, പെരിങ്ങളം, കരിയാട് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് നഗരസഭ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ മൂന്ന് പഞ്ചായത്തുകളും ചേർന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ പാനൂർ ജില്ലയിലെ എൽഡിഎഫ് ആധിപത്യത്തിന് വെല്ലുവിളിയായി മാറി. നാൽപത് ഡിവിഷനുകളാണ് പാനൂർ നഗരസഭയിലുള്ളത്. 23 ഇടത്ത് യുഡിഎഫ്, 14 ഇടത്ത് എൽ ഡി എഫ്, 3 ബി ജെ പി എന്നതാണ് നിലവിലെ കക്ഷി നില. 2015 ൽ യു ഡിഎഫ് 24, എൽഡിഎഫ് 13 എന്നതായിരുന്നു നില.
പരിമിതികൾക്കുള്ളിൽ നിന്ന് വികസന പ്രവർത്തനങ്ങൾ നടത്തിയ അഞ്ച് വർഷമാണ് കടന്നുപോകുന്നതെന്നാണ് യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയുടെ അവകാശവാദം. പല വിഷയങ്ങളിലും സർക്കാർ അവഗണന കാണിച്ചെങ്കിലും വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയില്ലെന്ന് നഗരസഭ ചെയർമാൻ കെ. പി. ഹാഷിം പറയുന്നു.
വികസന സാധ്യത ഏറെയുണ്ടെങ്കിലും അതിനൊത്ത് വളർച്ച പാനൂരിന് ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരിടപെടലും ഭരണ സമിതി നടത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വന്തമായൊരു കാര്യാലയം ഉണ്ടാക്കാൻ പോലും സാധിച്ചില്ലെന്ന വിമർശനവും ഉണ്ട്.
വികസന വിഷയങ്ങൾക്കൊപ്പം വോട്ടർ പട്ടിക ക്രമക്കേടും യുഡി എഫിനെതിരെ എൽഡിഎഫ് ആയുധമാക്കുന്നുണ്ട്. പരാജയ ഭീതിയിൽ വോട്ടർ പട്ടിക ആട്ടിമറിച്ചെന്നാണ് ആരോപിക്കുന്നത്. എന്നാൽ വാർഡ് വിഭാജനത്തിലെ അപാകത കാരണമുണ്ടായ പ്രശ്നങ്ങൾ മറച്ചുവെച്ചാണ് അട്ടിമറി ആരോപണമെന്നാണ് യുഡിഎഫിൻ്റെ മറുപടി.