അടിപിടിയുടെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

കെഎസ്ആർടിസി ബസ് അനുവദിച്ചത് ആരെന്ന് ചൊല്ലി വാക്കുതർക്കം; പിന്നാലെ അടിപിടി; മൂവാറ്റുപുഴയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും

ബസ് അനുവദിച്ചതിൽ അവകാശവാദം ഉന്നയിച്ചാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽതല്ലിയത്

Author : പ്രണീത എന്‍.ഇ

എറണാകുളം: മൂവാറ്റുപുഴയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മൂവാറ്റുപുഴയിൽ നിന്ന് പുതിയതായി ആരംഭിച്ച ബസ് സർവീസിനെ ചൊല്ലിയായിരുന്നു തർക്കം. ബസ് അനുവദിച്ചതിൽ അവകാശവാദം ഉന്നയിച്ചാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽതല്ലിയത്.

വെള്ളിയാഴ്ച രാവിലെയാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ബസിൽ ഇരിക്കുമ്പോഴാണ് പുറത്ത് പ്രവർത്തകർ അടി പിടിയായത്. ആദ്യം ബസ് അനുവദിച്ചതിനെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം താമസിയാതെ അടിപിടിയായി.

വണ്ടിയുടെ മുന്നിൽ എൽഡിഎഫ് പ്രവർത്തകർ വച്ച ഫ്ളക്സ്, യുഡിഎഫ് പ്രവർത്തകർ നീക്കിയതോടെയാണ് കയ്യാങ്കളിയുണ്ടായത്. മൂവാറ്റുപുഴയിൽ നിന്ന് കിഴക്കേക്കര രണ്ടാർ കോട്ട റോഡ് വഴി അൽ അസർ മെഡിക്കൽ കോളേജിലേക്ക് പുതിയതായി കെഎസ്ആർടിസി ബസ് അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ആരുടെ നേട്ടം എന്നു പറഞ്ഞ് കടിപിടി കൂടേണ്ട കാര്യമെന്താണെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.

സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാറാണെന്നും മൂവാറ്റുപുഴ എംഎൽഎ താനാണെന്നും നാട്ടുകാർക്ക് അറിയാമെന്നും മാത്യു കുഴൽ നാടൻ പ്രതികരിച്ചു. തൊടുപുഴ കല്ലൂർക്കാട് വഴി ആരംഭിച്ച കെഎസ്ആർടിസി ബസ് മാത്യു കുഴൽനാടൻ എംഎൽഎയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. തുടർന്ന് തൊടുപുഴയിലേക്ക് എംഎൽഎ ബസിൽ യാത്ര ചെയ്യുകയും ചെയ്തു.

SCROLL FOR NEXT