തിരുവനന്തപുരം: രാഷ്ട്രീയക്കേസ് പ്രതികളുടെ പരോളിനെ ചൊല്ലി ഇളകിമറിഞ്ഞ് നിയമസഭ. കെ.കെ. രമയുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെയാണ് പ്രതിപക്ഷ ഭരണപക്ഷ തർക്കത്തിൽ സഭ പ്രക്ഷുബ്ധമായത്. ഡയസിൽ ഇരച്ച് കയറാൻ ശ്രമിച്ച് പ്രതിപക്ഷ അംഗങ്ങളോട് പരിഹാസത്തോടെയാണ് ഭരണപക്ഷം പ്രതികരിച്ചത്.
പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ പ്രതി വി.കെ. നിഷാദ് പരോളിൽ ഇറങ്ങിയതും ടിപി കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ കിട്ടുന്നതും ചൂണ്ടിക്കാട്ടിയാണ് കെ.കെ.രമ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് പോലും പരിഗണിക്കാൻ സ്പീക്കർ കൂട്ടാക്കിയില്ല. ഉടനടി ഇന്നെന്താ ചർച്ചയില്ലേ എന്ന മുൻകൂർ തയ്യാറാക്കിയ ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. അനുമതി കിട്ടില്ലെന്ന് ഉറപ്പുള്ള നോട്ടീസുമായി വന്ന പ്രതിപക്ഷം ബഹളം ഉണ്ടാക്കാൻ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് എ.എൻ. ഷംസീർ ആരോപിച്ചു. ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.
ഡയസിന് മുകളിൽ കയറിയ അംഗങ്ങളോട് മുണ്ട് അഴിയാതെ നോക്കണം എന്നാണ് എം.ബി. രാജേഷ് പറഞ്ഞത്. ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയുടെ പേര് പരാമർശിച്ച് ആയിരുന്നു വി. ശിവൻകുട്ടിയുടെ ഇന്നത്തെയും പ്രഹരം. വിരട്ടാൻ വരേണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷ നിരയെ മന്ത്രിയുടെ വെല്ലുവിളിച്ചു. ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകാതെ പ്രതിപക്ഷം ഇറങ്ങിയോടിയത് മടിയിൽ സ്വർണത്തിൻ്റെ കനം ഉള്ളത് കൊണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കടുത്ത ബഹളത്തിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
രാഷ്ട്രീയ കേസുകളിലെ പ്രതികളെ ഭയന്നാണ് സിപിഐഎം ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അപ്പോഴും സഭയ്ക്കുള്ളിൽ പ്രതിപക്ഷ നേതാവിന് എതിരായ വിമർശനം ഭരണപക്ഷം തുടരുകയായിരുന്നു. ശിവൻകുട്ടിയെ പ്രതിരോധിച്ചായിരുന്നു കടകംപള്ളി സുരേന്ദ്രൻ്റെ പ്രസംഗം. സഭാ സമ്മേളനം ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ സഭാതലം കൂടുതൽ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. സഭാ കവാടത്തിന് മുന്നിൽ ഐ.സി. ബാലകൃഷ്ണനും എ.കെ.എം. അഷ്റഫും സത്യഗ്രഹം ഇരിക്കുകയാണ്. സഭാ നടപടികൾ തടസപ്പെടുത്തില്ലെന്ന് വിഡി സതീശൻ നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാന ബജറ്റിൻമേലുള്ള നിയമസഭയിലെ ചർച്ചയും ഇന്ന് നടക്കാനിരിക്കുകയാണ്.