KERALA

"പ്രിയപ്പെട്ട സലീമേട്ടൻ പോയി..."; ഹാസ്യ സാമ്രാട്ടിൻ്റെ വേർപാടിൽ അനുശോചിച്ച് രാഷ്‌ട്രീയ കേരളം

നടൻ സലിംകുമാറിൻ്റെ വിയോഗത്തെ തുടർന്ന് ഞായറാഴ്ച നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി മന്ത്രി പി.സി വിഷ്ണുനാഥിന്റെ ഓഫീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് രാ‌ഷ്‌ട്രീയ കേരളം. മനുഷ്യജീവിതത്തിൻ്റെ നാനാതുറകളെ നമുക്ക് മുമ്പിൽ നന്മയത്വത്തോടെ അവതരിപ്പിച്ച മഹാനടനായിരുന്നു സലിംകുമാറെന്ന് ചലച്ചിത്ര-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരൻ്റെ ധർമ്മം നിറവേറ്റിയാണ് അകാലത്തിൽ സലിം കുമാർ വിടപറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നടൻ സലിംകുമാറിൻ്റെ വിയോഗത്തെ തുടർന്ന് ഞായറാഴ്ച നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി മന്ത്രി പി.സി വിഷ്ണുനാഥിന്റെ ഓഫീസ് അറിയിച്ചു.

മനുഷ്യജീവിതത്തിൻ്റെ നാനാതുറകളെ നമുക്ക് മുമ്പിൽ നന്മയത്വത്തോടെ അവതരിപ്പിച്ച മഹാനടനായിരുന്നു സലിംകുമാർ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരൻ്റെ ധർമ്മം നിറവേറ്റിയാണ് അകാലത്തിൽ സലിം കുമാർ വിടപറയുന്നത്. ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ രാവിലെ മകൻ ചന്തുവിനെ വിളിച്ച് അന്വേഷിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ചന്തു പറഞ്ഞപ്പോൾ ആശ്വാസം തോന്നി; പലതവണ ജീവിതത്തിലേക്ക് തിരിച്ചു വരാറുള്ളതുപോലെ സലിമേട്ടൻ തിരിച്ചുവരും എന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഏറെ ദുഃഖകരമായ വാർത്തയാണ് മലയാളികളെ തേടിവന്നത്.

സലിംകുമാർ എന്ന നടനെ ആദ്യം നേരിൽ കണ്ടത് എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ചാണ്; ലാൽ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. താൻ മറ്റൊരു വാർത്താ സമ്മേളനത്തിന്റെ ഭാഗമായും. കെഎസ്‌യു പ്രസിഡൻ്റ് ആയിരുന്ന തന്നോട് വളരെ വാത്സല്യവും സ്നേഹവും കാട്ടി, അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളിൽ ഇപ്പോഴും ഓർമ്മയുണ്ട്. "ഞാനൊരു എം.എ ക്കാരൻ ആണെന്നും കോൺഗ്രസുകാരൻ ആണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല!" അങ്ങനെ തുടങ്ങിയ സംഭാഷണം വലിയ ആത്മബന്ധത്തിലേക്ക് വഴിമാറി. പിന്നെ എത്രയോ കൂടിച്ചേരലുകളും സംഭാഷണങ്ങളും ഒരുമിച്ചുള്ള പരിപാടിക ളും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

മനുഷ്യന്റെ സന്തോഷവും സങ്കടവും നിസ്സഹായതയും ആത്മാഭിമാനവും ഒരുപോലെ അവതരിപ്പിക്കാൻ കഴിയുന്ന അസാധാരണ അഭിനേതാവായിരുന്നു സലിം കുമാർ. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും സംസ്കാരത്തിലേക്കും കടന്നുകയറിയ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം, അഭിനയത്തിന് അതിരുകളില്ലെന്ന് തെളിയിച്ച കലാകാരനാണ്. സലിംകുമാറിൻ്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി മാറുമായിരുന്നു.

ഹാസ്യരംഗങ്ങളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ, ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കുകയും ചെയ്തു. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം വെറും ഹാസ്യ നടനല്ലെന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെന്നും തെളിയിച്ചു.

ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് പകർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ രീതി ഓരോ അഭിനേതാവിനും പാഠപുസ്തകമാണ്. ദേശീയ പുരസ്കാരം നേടിയ അഭിനയ പ്രതിഭ മാത്രമല്ല, മികച്ച സഹൃദയൻ കൂടിയായിരുന്നു അദ്ദേഹം.

താനുൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ഒരുപാട് സ്നേഹിച്ച, വിമർശനാത്മകമായി സമീപിച്ച സലിംകുമാറിൻ്റെ വിയോഗം വ്യക്തിപരമായ വലിയ നഷ്ടം കൂടിയാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിൻ്റെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുശോചനം രേഖപ്പെടുത്തി.

സ്കൂളിൽ പഠിക്കുന്ന കാലത്ത്, ഒരാൾക്ക് കഴുത്തിൽ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛൻ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓർത്തുപറയാറുണ്ട്. മാലയിടുമ്പോൾ, തന്റെ കവിളിൽ തലോടിയ കൈകൾ സാക്ഷാൽ കെ. കരുണാകരന്റേതായിരുന്നുവെന്ന് പിൽക്കാലം ബോധ്യപ്പെടുത്തിയപ്പോൾ, അടിമുടി കോൺഗ്രസുകാരനായ സലിം കുമാർ കൂടി ജനിക്കുകയായിരുന്നു.

കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ. ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ. വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ്.

കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയിൽ ചർച്ച ചെയ്യുന്ന സൗഹൃദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോൺഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ തന്നെ ജീവിക്കും, എക്കാലവും. മകൻ ചന്തുവുമായുള്ള ബന്ധവും സലീമിൽ നിന്ന് തുടങ്ങിയതാണ്. പക്ഷേ, അതിന് തുടക്കമേയുള്ളൂ, അവസാനമില്ല, സലീമിന്റെ തമാശകൾ പോലെ. ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് മുന്നിൽ പ്രണാമം.

ഒരു വലിയ ശൂന്യത സൃഷ്‌ടിച്ചുകൊണ്ടാണ് നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സലിം കുമാർ വിട പറഞ്ഞിരിക്കുന്നത് എന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു.

മലയാള സിനിമാ സ്‌നേഹികളുടെ മനസ്സിൽ അത്രമേൽ സ്പർശിച്ചിരുന്നു അദ്ദേഹം. പൊതുപരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹത്തിന് കോൺഗ്രസിനോടുള്ള സ്‌നേഹവും പങ്കുവച്ചിരുന്നു. ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല. കരുത്തായി അദ്ദേഹം തിരികെ എത്തും എന്ന പ്രതീക്ഷയിലായിരുന്നു. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്ന് ആത്മാർത്ഥമായി പ്രതീക്ഷിച്ചിരുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്കാരവുമൊക്കെ അദ്ദേഹത്തിന് ലഭിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം സന്തോഷിച്ചിരുന്നു. സലീം കുമാറിൻ്റെ അകാല വേർപാടിൽ അനുശോചിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു.

സാധാരണക്കാരൻ്റെ ജീവിതം സിനിമയിൽ ഏറ്റവും ലളിതമായും സരസമായും അവതരിപ്പിച്ച കലാകാരനാണ് സലിം കുമാറെന്ന് മുഹമ്മദ് ഷിയാസ് എംഎൽഎ അനുശോചിച്ചു. പൊതുരംഗത്തും സജീവ സാന്നിധ്യമായി ഇക്കാലമാത്രയും അദ്ദേഹം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ ഇഷ്ടമുണ്ടായിരുന്ന ആരാധിച്ചിരുന്ന കലാകാരനായിരുന്നു. ഇത്ര പെട്ടെന്ന് നമ്മളിൽ നിന്നും വിട്ട് പോകുമെന്ന് ആരും വിചാരില്ല. മലയാള സിനിമയ്ക്ക് കുറേ കൂടി നല്ല സംഭവാനകൾ നൽകേണ്ടിയിരുന്ന കലാകാരൻ്റെ വിടവാങ്ങൽ കൂടിയാണ് ഇന്നുണ്ടായതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള മനസ്സിനെ സ്വാധീനിച്ച അതുല്യ വ്യക്തിത്വം. വേഷം ഏതായാലും അനായാസം അത് കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് മലയാളക്കര പലതവണ കണ്ടറിഞ്ഞിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടൻ, മികച്ച ഹാസ്യ നടൻ, മികച്ച തിരക്കഥാകൃത്ത് തുടങ്ങിയവയ്ക്കുള്ള കേരളസംസ്ഥാന പുരസ്കാരവും, 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയ പ്രതിഭ.

കലയ്ക്ക് അപ്പുറം സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ സ്വീകരിച്ചിരുന്ന, കലാകാരന്മാർ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയാൻ മടി കാണിച്ച കാലത്ത് താനൊരു കോൺഗ്രസുകാരനാണ് എന്ന് പറഞ്ഞ്, അതിൽ അഭിമാനം കൊണ്ടിരുന്ന സലിംകുമാറിന്റെ വേർപാട് കോൺഗ്രസ് കുടുംബത്തിനും വലിയ നഷ്ടമാണ്.ഒരു കാലഘട്ടത്തിലെ വെള്ളിത്തിരയെ അനശ്വരമാക്കിയവർ ഓരോരുത്തരായി വിട പറയുമ്പോൾ, അവർ ബാക്കി വെച്ച കഥാപാത്രങ്ങൾ ഓർമയിൽ ജ്വലിച്ചു കൊണ്ടേയിരിക്കും... പ്രിയപ്പെട്ട കലാകാരന് വിട...കുടുംബത്തിന്റെ നഷ്ടത്തിൽ, ദുഃഖത്തിൽ പങ്കുചേരുന്നു...

SCROLL FOR NEXT