തൃശൂർ: ഡിസിസിയുടെ അന്ത്യശാസനം തള്ളി മറ്റത്തൂരിലെ ബിജെപി സഖ്യ നേതാക്കൾ. രാജിവെക്കാൻ ഇല്ലെന്ന് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ പറഞ്ഞു. ഇന്ന് വൈകുന്നേരത്തിനു മുൻപ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ രാജിവെക്കണമെന്നായിരുന്നു ഡിസിസി നിർദേശം. നിലവിലെ പ്രതിസന്ധിയിൽ കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തിനുള്ളിൽ രാജിവച്ചില്ലെങ്കിൽ എട്ട് അംഗങ്ങളെയും അയോഗ്യരാക്കും എന്നായിരുന്നു ജോസഫ് ടാജറ്റിൻ്റെ മുന്നറിയിപ്പ്. എന്നാൽ മറ്റത്തൂരിൽ ബിജെപിയുമായി ഒരുതരത്തിലുള്ള കൂട്ടുകെട്ടും ഉണ്ടായിട്ടില്ലെന്നാണ് ടി.എം. ചന്ദ്രൻ്റെ വാദം. അതിൻ്റെ പാപഭാരം ഏറ്റെടുക്കാൻ കഴിയില്ല. ഡിസിസി നിർത്തിയ ഔദ്യോഗിക സ്ഥാനാർഥികൾ ബിജെപിയുമായി വോട്ടുപിടിച്ചു. അത് ശ്രദ്ധയിൽപ്പെട്ടിട്ടും ഡിസിസി പ്രസിഡൻ്റ് ഇടപെട്ടില്ലെന്നും ടി. എം. ചന്ദ്രൻ ആരോപിച്ചു.
കോൺഗ്രസ് വിമതൻ കെ.ആർ. ഔസേപ്പിന് വെളിപ്പെടുത്തലിലും ടി.എം. ചന്ദ്രൻ മറുപടി നൽകി. താനും കോൺഗ്രസ് പ്രവർത്തകരും വീട്ടിലെത്തിയ ദിവസത്തെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണമെന്നാണ് ടി.എം. ചന്ദ്രൻ്റെ വെല്ലുവിളി. താൻ ഒരക്ഷരം പോലും ഔസേപ്പിനോട് സംസാരിച്ചിട്ടില്ല.ബിജെപിയുമായി സഹകരിക്കാൻ താൻ പറഞ്ഞു എന്ന വാദം തെറ്റ്. പാർലമെൻ്ററി പാർട്ടിയോഗം വിളിക്കുന്നത് ചോദിക്കാനാണ് വീട്ടിൽ പോയത്. ഒരക്ഷരം പറഞ്ഞു എന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു.
അതേസമയം രാജിവച്ച് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞാൽ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയിൽ നിന്ന് പിന്നോട്ട് പോകൂ എന്നാണ് ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിൻ്റെ പ്രസ്താവന. മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻ്റെ എട്ട് വാർഡ് മെമ്പർമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി സമർപ്പിച്ചത്.
പിന്നാലെ കോൺഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നിൽ നിർത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. മറ്റത്തൂരിൽ എൽഡിഎഫ് പത്ത് വാർഡിലും യുഡിഎഫ് എട്ടിലും രണ്ടിടത്ത് കോൺഗ്രസ് വിമതരും വിജയിച്ചിരുന്നു.