കെഎസ്‌യു, എംഎസ്എഫ് 
KERALA

ശക്തി തെളിയിക്കാൻ എംഎസ്എഫ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും

ചെയർപേഴ്സൺ ഉൾപ്പെടെയുള്ള നാല് ജനറൽ സീറ്റുകളിലേക്കും എംഎസ്എഫ് നോമിനേഷൻ നൽകി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കാൻ എംഎസ്എഫിന് നിർദേശം നൽകി ലീഗ് നേതൃത്വം. ചെയർപേഴ്സൺ ഉൾപ്പെടെയുള്ള നാല് ജനറൽ സീറ്റുകളിലേക്കും എംഎസ്എഫ് നോമിനേഷൻ നൽകി. കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചത് കൊണ്ടാണ് ജനറൽ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നാണ് എംഎസ്എഫ് നേതൃത്വം പറയുന്നത്.

ചെയർപേഴ്സൺ, ജോയിൻറ് സെക്രട്ടറി സീറ്റുകളിൽ കെഎസ്‌യുവും നോമിനേഷൻ നൽകിയിട്ടുണ്ട്. കെഎസ്‌യു അവഗണനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എംഎസ്എഫ് നേതൃത്വം കത്തയച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ധാരണ കെഎസ്‌യു തെറ്റിച്ചെന്നാണ് എംഎസ്എഫ് നേതാക്കള്‍ കത്തിൽ പറയുന്നത്. ഒരു മുന്നണി എന്ന നിലയില്‍ എംഎസ്എഫിന് ലഭിക്കേണ്ട പരിഗണന കെഎസ്‌യു നിരന്തരമായി തിരസ്‌കരിക്കുന്ന അനുഭവങ്ങളാണ് നിലവിലുള്ളതെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു.

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചരിത്ര നേട്ടത്തോടെ തിരിച്ചുപിടിച്ചതാണ്. അവിടെ യുഡിഎഫിന്റെ 262 യുയുസിമാരില്‍ 41 യുയുസിമാര്‍ മാത്രമാണ് കെഎസ്‌യുവിന് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണ പ്രകാരം ചെയര്‍മാന്‍ സ്ഥാനം എംഎസ്എഫിനാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം കെഎസ്‌യു വിട്ടുനല്‍കിയില്ലെന്നുമാണ് എംഎസ്എഫ് ആരോപിക്കുന്നത്.

എട്ടു വർഷത്തിനുശേഷം 2024 ലാണ് എസ്എഫ്ഐയിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ യുഡിഎസ്എഫ് സഖ്യം തിരിച്ചുപിടിക്കുന്നത്. ഈ മാസം 22നാണ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്.

SCROLL FOR NEXT