മലപ്പുറം: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ കടുത്ത വിമർശനവുമായി ഇടതു സൈബർ പ്രവർത്തകർ. മലപ്പുറം തിരൂരിലെ എസ്ഡിപിഐ പ്രാദേശിക നേതാവ് പങ്കെടുത്ത വിരുന്നിൽ എ. വിജയരാഘവൻ പോയതിനാണ് വിമർശനം. വിജയരാഘവൻ ഭക്ഷണം കഴിക്കുന്നതിന് സമീപം എസ്ഡിപിഐ നേതാവ് പാട്ട് പാടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം. എസ്ഡിപിഐ-മുസ്ലീം ലീഗ് നേതാക്കളുമായുള്ള വിജയരാഘവന്റെ ബന്ധം അന്വേഷിക്കണമെന്നും ഇടതു സൈബർ വിഭാഗത്തിനൊപ്പം സജീവമായി നിൽക്കുന്ന പ്രവർത്തകർ ആവശ്യപ്പെട്ടു.
എന്നാൽ നടന്നത് തിരൂരിലെ വ്യാപാരികളുടെ കൂടിചേരലാണെന്നും ആരോ ഒരാൾ വിജയരാഘവനെ ഭക്ഷണം കഴിക്കാൻ വിളിച്ചതാണെന്നും എസ്ഡിപിഐ നേതാവ് ഷാഫി പറഞ്ഞു. വിജയരാഘവനുമായി ഒരു തരത്തിലുള്ള അടുപ്പവും ഇല്ലെന്നും താനല്ല വിജയരാഘവനെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഷാഫി വ്യക്തമാക്കി.
അതേസമയം, എ. വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ അിറയിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
പാർട്ടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങൾ. മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ് വിജയരാഘവൻ. മതിരപേക്ഷ നിലപാട് ഉയർത്തിപ്പിടച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്ലീം മതതീവ്രദാ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്. അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുന്നതായും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.