പാലക്കാട്: എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം പിൻവലിച്ചു മാപ്പു പറയണമെന്ന് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രസംഗത്തിൽ ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കും പ്രവർത്തകർക്കും പങ്കുണ്ടെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. ഈ ആരോപണത്തിന് എതിരെയാണ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
അടിസ്ഥാനരഹിതമായ കാര്യങ്ങൾ ശോഭാ സുരേന്ദ്രൻ പറയുന്നുവെന്ന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസിൽ പറയുന്നു. സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിലും കുറ്റാരോപിതരാക്കുന്ന രീതിയിലും സംസാരിച്ചുവെന്നും നോട്ടീസിൽ പറയുന്നുണ്ട്.