സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. കസ്റ്റഡി മര്‍ദനങ്ങളില്‍ പൊലീസിനെ പുറത്താക്കത്തത് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി. മാധ്യമങ്ങള്‍ പലതവണ വിഷയം ചർച്ചയാക്കിയതാണെന്നും നിയമസഭയ്ക്കും സഭാനടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കുന്നതിനിടെ പറഞ്ഞിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിക്കുന്ന വിവീഡിയോ അടക്കം പുറത്തുവന്നിട്ടും കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടി റൂള്‍ 50 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് റോജി എം ജോണ്‍ സ്പീക്കര്‍ക്ക് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞത്.
ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിക്കൂറായിരിക്കും ചര്‍ച്ച ചെയ്യുക. കസ്റ്റഡി മര്‍ദനം സംബന്ധിച്ച് ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. എന്നാല്‍ യുഡിഎഫ് കാലത്തെ പൊലീസ് മര്‍ദനം അടക്കം പറഞ്ഞുകൊണ്ടായിരിക്കും സര്‍ക്കാര്‍ പ്രതിരോധിക്കുക.
അതേസമയം ചട്ടം 50 പ്രകാരമുള്ള ചര്‍ച്ച നടക്കുന്ന കാര്യത്തില്‍ 15ാം കേരള നിയമസഭ സര്‍വകാല റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. 14ാമത്തെ ചര്‍ച്ചയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മാത്രം നിയമസഭയില്‍ നടക്കാനിരിക്കുന്നത്. ഒന്നാം കേരള നിയമസഭ മുതല്‍ 14-ാം കേരള നിയമസഭവ വരെ 30 ചര്‍ച്ചകള്‍ മാത്രമാണ് ഈ ചട്ട പ്രകാരം കേരള നിയമസഭയില്‍ നടന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു അത്യപൂര്‍വ നേട്ടമാണിതെന്നും സ്പീക്കര്‍ പറഞ്ഞു.