Source: News Malayalam 24x7
KERALA

ചെമ്മനാട്ടെ ലൈഫ് ഫ്‌ളാറ്റുകള്‍ കാടുകയറി നശിക്കുന്നു; നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടും അനാസ്ഥ

നിർമാണ സാമഗ്രികളുടെ വില ഉയർന്നിട്ടും കരാർ കമ്പനിക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം...

Author : ന്യൂസ് ഡെസ്ക്

കാസർ​ഗോഡ്: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഫ്ലാറ്റുകൾ കാട് കയറി നശിക്കുന്നു. ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാൽ ബണ്ടിച്ചാലിലാണ് 90 ശതമാനം നിർമാണം പൂർത്തിയായിട്ടും 44 ഫ്ലാറ്റുകൾ തുറന്ന് നൽകാൻ സാധിക്കാത്തത്. നിർമാണ സാമഗ്രികളുടെ വില ഉയർന്നിട്ടും കരാർ കമ്പനിക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിർമാണം നിലച്ചതോടെ നിർധനരും നിരാശ്രയരുമായ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും തുരുമ്പെടുക്കുകയാണ്.

സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാലിനടുത്ത ബെണ്ടിച്ചിൽ മൊട്ടയിലായിരുന്നു ഫ്ലാറ്റ് നിർമ്മിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് 6.50 കോടി രൂപ ഫ്ലാറ്റ് സമുച്ചയമൊരുക്കിയത്. പരമ്പരാഗതമായ വീട് നിർമാണ രീതികളിൽ നിന്ന് വ്യത്യസ്തമായി, എല്‍ജിഎസ്എഫ്-പ്രീഫാബ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപേയാഗിച്ചാണ് 50 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 511 ച.ശ്ര. അടി വിസ്തീർണമുള്ള 44 വ്യക്തിഗത ഫ്ലാറ്റുകളാണ് നിർമ്മിച്ചത്. ജിഐ കോട്ടിങ്ങുള്ള സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചത്. വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവയെ അതിജീവിക്കുന്ന രീതിയിലായിരുന്നു നിർമാണം. എന്നാൽ പുകൾ പെറ്റ രീതിയിൽ നിർമ്മിച്ച ഫ്ലാറ്റിൻ്റെ ഇന്നത്തെ അവസ്ഥ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ മറ്റൊരു മാതൃകാ ഉദാഹരണം മാത്രം.

എന്നാൽ ഫ്ലാറ്റ് നിർമ്മാണത്തിനിടെ കോവിഡ് വ്യാപനം കണക്കുകൂട്ടലുകൾ തെറ്റിച്ചെന്നും സ്റ്റീലിന്റെ വില വലിയ തോതിൽ ഉയർന്നതുകൊണ്ട് 30 മുതൽ 50 % വരെ വില ഉയർന്നുവെന്നുമാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. ഇതേതുടർന്ന് കരാർ തുക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി സർക്കാരിന് കത്തു നൽകിയെങ്കിലും സർക്കാർ തുക വർദ്ധിപ്പിച്ചു നൽകിയില്ല. തുടർന്നാണ് 90 % പണി പൂർത്തിയായ 44 ഫ്ലാറ്റുകളും നിർമ്മാണം നിലച്ച് ഇന്നത്തെ സ്ഥിതിയിലായത്.

സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതർ, വാസയോഗ്യമല്ലാത്ത ഭവനമുള്ളവർ, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ പുറമ്പോക്കിലോ താൽകാലിക ഭവനമുള്ളവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. നേതാക്കൾ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞ ജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരുടെ എക്കാലത്തേയും ജീവിതാഭിലാഷമാണ് ഇങ്ങനെ പരിഹരിക്കാവുന്ന സങ്കേതിക തടസത്തിൻ്റെ പേരിൽ ഇല്ലാതാകുന്നത്.

SCROLL FOR NEXT