Source: News Malayalam 24x7
KERALA

'ജീവിക്കുന്നത് സെപ്റ്റിക് ടാങ്ക് മാലിന്യത്തിൻ്റെ നടുക്ക്'; മുണ്ടംവേലി പുനരധിവാസത്തിൽ തീരാദുരിതം

നിർമാണത്തിലെ അപാകത മൂലം കെട്ടിടത്തിലെ എല്ലാം ശുചിമുറികളും ചോർന്നൊലിക്കുകയാണ്...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുണ്ടംവേലിയിൽ പുനരധിവസിപ്പിക്കപ്പെട്ട പി & ടി അപ്പാർട്ട്മെന്റ്സിൽ ഉള്ളവർ ജീവിക്കുന്നത് സെപ്റ്റിക് ടാങ്ക് മാലിന്യത്തിൻ്റെ നടുക്ക്. നിർമാണത്തിലെ അപാകത മൂലം കെട്ടിടത്തിലെ എല്ലാം ശുചിമുറികളും ചോർന്നൊലിക്കുകയാണ്. മഴക്കാലത്തിനു മുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജിസിഡിഎ ഉപരോധിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.

വാനോളം പ്രതീക്ഷകളുമായാണ് ഇവർ ഗാന്ധിനഗറിലെ വെള്ളക്കെട്ടിൽ നിന്ന് 2 വർഷം മുൻപ് ജിസിഡിഎ നിർമിച്ചു നൽകിയ കെട്ടിട സമുച്ചയത്തിലേക്ക് മാറിയത്. ആദ്യ മഴയിൽ തന്നെ പ്രതീക്ഷകൾ വെള്ളത്തിലായി. കിടപ്പുമുറി, ശുചിമുറി, അടുക്കള തുടങ്ങി ഫ്ലാറ്റിന്റെ മുക്കും മൂലയും ചോർന്നൊലിച്ചു.

വെള്ളം തങ്ങി നിന്ന് തുരുമ്പെടുത്ത് മേൽക്കൂര പൊളിഞ്ഞു വീണ് തുടങ്ങി. നാല് നിലകളിലായി 79 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 400 ഓളം പേർക്കായി സെപ്റ്റിക് ടാങ്കുള്ളത് പരിമിതമായ സ്ഥലത്തും. ദിവസവും മൂന്നും നാലും ലോഡ് സെപ്റ്റിക് ടാങ്ക് മാലിന്യമാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. അതിനാൽ, സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് എപ്പോഴും തുറന്നു കിടക്കുന്നു. ഇത് കാരണം ഉണ്ടാകുന്ന രോഗങ്ങളും അനവധിയാണ്.

കൈകൊണ്ട് തൊട്ടാൽ അടർന്നു പോരുന്ന കോൺക്രീറ്റ് ആണ് കെട്ടിടത്തിന്റേത്. അടിമുടി ബലക്ഷയം ബാധിച്ച കെട്ടിടത്തിൽ ഇനിയും എത്ര നാൾ ജീവൻ പണയം വെച്ച് ജീവിക്കേണ്ടി വരും എന്നാണ് ഇവരുടെ ചോദ്യം.

SCROLL FOR NEXT