സ്വകാര്യ ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാന്‍സിനെതിരായ പരാതികള്‍ കൂടുന്നു. ഇല്ലാത്ത ലോണിന്റെ പേരിൽ കൊല്ലം മരുതും പള്ളി സ്വദേശി സുമനുള്ളത് 65 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയാണ്. സുമന്റെ പേരിലുള്ളത് രണ്ട് ലോണുകളാണ്. സിബില്‍ സ്കോര്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.
വടക്കൻ ജില്ലകളിൽ ശ്രീറാം ഫിനാൻസിനെതിരെ വ്യാപക പരാതികളുയർന്നതിന് പിന്നാലെയാണ് ഇപ്പോള്‍ കൊല്ലത്തും പരാതിയുമായി ആളുകളെത്തുന്നത്. പലരും സിബിൽ സ്കോർ പരിശോധിക്കുമ്പോഴാണ് തങ്ങളുടെ പേരിൽ ലോണുള്ളതായി കണ്ടെത്തുന്നത്. കൊല്ലം മരുതും പള്ളി സ്വദേശിയായ സുമന് എടുക്കാത്ത ലോണിന്റെ പേരിൽ 65 ലക്ഷം രൂപയാണ് ബാധ്യത. പുതിയ വാഹനം വാങ്ങാൻ ഒരുങ്ങുമ്പോഴാണ് സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് സുമൻ തന്റെ ബാധ്യത കണ്ട് ഞെട്ടിയത്.
2012ല്‍ നാല് ലക്ഷത്തിലധികം രൂപ രണ്ട് തവണയായി വായ്പ എടുത്തിട്ടുണ്ട്. രണ്ട് വായ്പ്പയുടേയും കുടിശിക ചേർത്ത് 65 ലക്ഷത്തിലധികം രൂപയാണ് ബാധ്യതയായി കാണുന്നത്. ഇതേ ലോണിൽ 2026 നവംബർ മാസം മുതൽ ലോണെടുത്ത അജ്ഞാതൻ തിരിച്ചടയ്ക്കുന്നുണ്ട്. ആരാണ് ആ അജ്ഞാതൻ എന്ന ചോദ്യത്തിന് ശ്രീറാം ഫിനാൻസിന് മറുപടിയില്ല. സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം. സംഭവത്തിൽ സുമൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.