KERALA

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എന്തുകൊണ്ട് തിളക്കം നഷ്ടപ്പെട്ടു? യുഡിഎഫ് ആത്മപരിശോധന നടത്തണം; വിമര്‍ശിച്ച് സമസ്ത

ജനങ്ങള്‍ ഒരു സര്‍ക്കാരിന് നല്‍കുന്ന പിന്തുണ, അധികാരത്തിന്റെ സ്ഥിരം അവകാശമല്ലെന്നും ഓര്‍മപ്പെടുത്തല്‍

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത. 102 സീറ്റുമായി അധികാരത്തിലേറിയ യുഡിഎഫിന് എന്തുകൊണ്ട് തിളക്കം നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കണം. വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പരീക്ഷണത്തില്‍ ലഭിച്ച സൂചനയെ അവഗണിക്കാനാവില്ല. ജനവിധിയിലെ ചെറിയ മാറ്റങ്ങള്‍ പലപ്പോഴും വലിയ രാഷ്ട്രീയ മുന്നറിയിപ്പുകളുടെ തുടക്കമാകാറുണ്ട്. ജനങ്ങള്‍ ഒരു സര്‍ക്കാരിന് നല്‍കുന്ന പിന്തുണ, അധികാരത്തിന്റെ സ്ഥിരം അവകാശമല്ല. ഉപതെരഞ്ഞെടുപ്പ് ഫലം തിരുത്തലുകള്‍ ആവശ്യപ്പെടുന്ന ജനാധിപത്യ മുന്നറിയിപ്പായി കാണുന്നതാണ് ഉചിതമെന്നും സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍നിന്ന്

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി 135 ദിവസത്തിനിടെ ഉയര്‍ന്നുവന്ന വിവാദങ്ങളെല്ലാം ഭരണത്തിന്റെ ശൈശവദശയിലെ സ്വാഭാവിക രാഷ്ട്രീയ ബലപരീക്ഷണങ്ങളായി ചുരുക്കിക്കാണുക എളുപ്പമാണ്. എന്നാല്‍ ഇന്നലെ പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകൾ, ഭരണത്തിന്റെ ആദ്യനാളുകളില്‍തന്നെ ജനങ്ങളുടെ മനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യു.ഡി.എഫ് ആത്മപരിശോധന നടത്തേണ്ട സമയമാണിത് എന്നാണ്. ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ യു.ഡി.എഫിന് ക്ഷീണവും എല്‍.ഡി.എഫിന് നേട്ടവുമാണ് കാണുന്നത്. സംസ്ഥാനത്തിന്റെ ഭരണം കൈയാളുന്ന യു.ഡി.എഫിന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, ജയിച്ചിടത്തും തോറ്റിടത്തും വോട്ടുവിഹിതം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍, 22 സിറ്റിങ് സീറ്റുമായിട്ടാണ് യു.ഡി.എഫ് പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ അന്തിമഫലം വന്നപ്പോള്‍ യു.ഡി.എഫിന് മൂന്നു സീറ്റുകള്‍ നഷ്ടമായി. 19 സീറ്റുകളാണ് നേടാനായത്. അതേസമയം, 15 സീറ്റുകളുണ്ടായിരുന്ന എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നില 18 ആയി മെച്ചപ്പെടുത്തി.

എട്ട് പേര്‍ എം.എല്‍.എമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ നഷ്ടമാകുകയും ചില സിറ്റിങ് സീറ്റുകളില്‍ ഭൂരിപക്ഷം കാര്യമായി ഇടിയുകയും ചെയ്തു. ഇതിനു പുറമെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനും മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാര്‍ഡും യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തത് എം.എല്‍.എ രമ്യ ഹരിദാസും പ്രാദേശിക നേതൃത്വവും തമ്മിലുള്ള രാഷ്ട്രീയ പോരിന്റെ ബാക്കിപത്രമാണെന്നാണ് വിമര്‍ശനം. മുണ്ടക്കൽ സീറ്റ് നഷ്ടപ്പെട്ടതോടെ മംഗലപുരം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒറ്റക്ക്‌ ഭരിക്കാനുള്ള സംഖ്യ കൈവന്നതും ശ്രദ്ധേയമാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തെ മാത്രം അടിസ്ഥാനമാക്കി സര്‍ക്കാരിന്റെ ജനപിന്തുണയെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താനാവില്ല. പ്രാദേശികവിഷയങ്ങള്‍, സ്ഥാനാര്‍ഥികളുടെ വ്യക്തിപരമായ സ്വാധീനം, സംഘടനാപ്രവര്‍ത്തനം തുടങ്ങി നിരവധിഘടകങ്ങള്‍ ഓരോ വാര്‍ഡിലെയും ഫലത്തെ സ്വാധീനിക്കും. എന്നാല്‍ ഭരണകക്ഷിയുടെ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുകയും പല വാര്‍ഡുകളിലും ഭൂരിപക്ഷം കുറയുകയും ചെയ്യുമ്പോള്‍ അതില്‍നിന്നുള്ള രാഷ്ട്രീയസന്ദേശം അവഗണിക്കുന്നത് ശരിയല്ല.

102 സീറ്റുമായി അധികാരത്തില്‍ വന്ന യു.ഡി.എഫിന് നാലു മാസം തികയ്ക്കും മുമ്പേ എന്തുകൊണ്ട് ഇങ്ങനെ തിളക്കം നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നിട്ട ഏതാനും മാസങ്ങൾക്കിടെ കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഉണർത്തുന്നതാണ് ഇത്. സാധാരണ വോട്ടര്‍മാരെ ഇതൊക്കെ ആശയക്കുഴപ്പത്തിലാക്കിയെങ്കിൽ കുറ്റംപറയാന്‍ ആവില്ല. കാര്യം, സര്‍ക്കാരിനെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ ഈ ചെറിയ കാലത്തിനിടക്ക്‌ വല്ലാതെയുണ്ടായി. മലപ്പുറം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങള്‍, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച സംശയങ്ങള്‍, ഔദ്യോഗിക ബോര്‍ഡും നമ്പറും പതിച്ച സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദം... ഇതൊക്കെ സര്‍ക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഖജനാവിന് സാമ്പത്തിക ബാധ്യതയില്ലെന്ന വിശദീകരണം ഉണ്ടായിട്ടും അധികാരസ്ഥാനത്തിരിക്കുന്നവര്‍ സ്വകാര്യസൗകര്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സുതാര്യതയും ഔചിത്യവും സംബന്ധിച്ച ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന് അധികാരം നഷ്ടപ്പെടുന്ന ജനവിധിയല്ല. എന്നാല്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പരീക്ഷണത്തില്‍ ലഭിച്ച ഈ സൂചനയെ ആത്മവിശ്വാസത്തോടെ അവഗണിക്കാനുള്ളതുമല്ല. ജനവിധിയിലെ ചെറിയ മാറ്റങ്ങള്‍ പലപ്പോഴും വലിയ രാഷ്ട്രീയ മുന്നറിയിപ്പുകളുടെ തുടക്കമാകാറുണ്ട്. വിവാദങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് പറയാനാവില്ലെങ്കിലും തുടര്‍ച്ചയായ വിവാദങ്ങള്‍ ഭരണത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടോ എന്നത് യു.ഡി.എഫ് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.

ജനങ്ങള്‍ ഒരു സര്‍ക്കാരിന് നല്‍കുന്ന പിന്തുണ, അധികാരത്തിന്റെ സ്ഥിരം അവകാശമല്ല. അത് ഓരോ ദിവസവും പ്രവര്‍ത്തനത്തിന്റെ സുതാര്യതയിലൂടെയും ജനവിശ്വാസം നിലനിർത്തുന്നതിലൂടെയും പുതുക്കിയെടുക്കേണ്ടതാണ്. അതുകൊണ്ട്, ഈ ഉപതെരഞ്ഞെടുപ്പ് ഫലം തിരുത്തലുകള്‍ ആവശ്യപ്പെടുന്ന ജനാധിപത്യ മുന്നറിയിപ്പായി കാണുന്നതാണ് ഉചിതം. ചെറിയ വിവാദങ്ങളെ രാഷ്ട്രീയ ആരോപണങ്ങളായി തള്ളിക്കളയുന്നതിനു പകരം, അവയില്‍നിന്ന് പാഠമുള്‍ക്കൊള്ളണം. സ്വകാര്യ സൗകര്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണം. നയപരമായ മാറ്റങ്ങളില്‍ വ്യക്തത വേണം. മാധ്യമങ്ങളോടും വിമര്‍ശകരോടും കൂടുതല്‍ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണം. അധികാരവും സ്വകാര്യ താല്‍പര്യങ്ങളും തമ്മിലുള്ള അതിരുകള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം.

ഇത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ആഹ്വാനമല്ല, ഭരണത്തെ കൂടുതല്‍ ശക്തമാക്കാനുള്ള നിർദേശമാണ്. ജനവിധിയെ നിസാരവത്കരിക്കാതെ, തിരുത്തിനുള്ള വഴിയായി സ്വീകരിക്കുമ്പോഴാണ് ഏതു സർക്കാരും കൂടുതല്‍ ജനപക്ഷമാകുന്നത്. ആദ്യ മാസങ്ങളില്‍ ലഭിച്ച ഈ സൂചനയെ ഗൗരവത്തിൽ വായിച്ച് ആവശ്യമായ തിരുത്തലുകളുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിയുമെന്നാണ്, അധികാരത്തിലെത്തിച്ച വിയോജിപ്പുള്ളവർപോലും ആഗ്രഹിക്കുന്നത്.

SCROLL FOR NEXT