കൂത്തുപറമ്പ് നഗരസഭ Source: News Malayalam 24x7
KERALA

തദ്ദേശ തർക്കം | ഇളകാത്ത ഇടത് കോട്ടയിൽ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽഡിഎഫ്; പേരിന് മാത്രം പ്രതിപക്ഷമുള്ള നഗരസഭയായി കൂത്തുപറമ്പ്

അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ഇത്തവണയും എൽഡിഎഫ് കൂത്തുപറമ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പേരിന് മാത്രം പ്രതിപക്ഷമുള്ള എൽഡിഎഫിന്റെ കണ്ണൂരിലെ ശക്തി ദുർഗങ്ങളിൽ ഒന്നാണ് കൂത്തുപറമ്പ് നഗരസഭ. അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ഇത്തവണയും എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എന്നാൽ നഗരസഭയിൽ വികസന പദ്ധതികളൊന്നും നടപ്പായില്ലെന്ന് പറയുന്നു യുഡിഎഫ്. സിപിഐഎം കൗൺസിലറുടെ മാല മോഷണം അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

കണ്ണൂരിലെ ഇടത് കോട്ടകളായ തദ്ദേശ സ്ഥാപനങ്ങളിലൊന്ന്. പ്രതിപക്ഷം പേരിന് മാത്രം ഒന്നോ രണ്ടോ വാർഡുകളിൽ ഒതുങ്ങുന്നത് പതിവ്. രാഷ്ട്രീയമായി എൽഡിഎഫിന് ഒരു വെല്ലുവിളിയുമില്ലാത്ത നഗരസഭ. 2010 മുതൽ 2020 വരെ നടന്ന തിരഞ്ഞെടുപ്പുകളിലെ സീറ്റ് നിലയിങ്ങനെ.

ആകെ വാർഡുകൾ 28. 2010ൽ 24 ഇടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും. 2015ൽ 27 എൽഡിഎഫ്, ഒരു യുഡിഎഫ്. 2020ലെ തിരഞ്ഞെടുപ്പിൽ ബിജെപി വരവറിയിച്ചു. കോൺഗ്രസ് ഒരു സീറ്റിൽ തന്നെ തുടർന്നു. ബാക്കി 26ലും എൽഡിഎഫിന്റെ സമഗ്രാധിപത്യം. വികസനത്തിൽ ഊന്നിത്തന്നെ മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി ഒരുങ്ങുകയാണ് കൂത്തുപറമ്പ്.

ഈ ഭരണ കാലയളവിൽ നിർമിച്ചത് 26 പുതിയ റോഡുകൾ, ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള സാങ്കേതിക കാര്യങ്ങൾ എല്ലാം പൂർത്തിയാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ആശുപത്രി ഒരുക്കി. അർബൻ ഹെൽത്ത് സെന്ററുകളും ഉടൻ പ്രവർത്തനസജ്ജമാകും. എണ്ണിപ്പറയാൻ എൽഡിഎഫിന് നേട്ടങ്ങൾ ഏറെയാണ്. എന്നാൽ തുടർച്ചയായ എൽ ഡി എഫ് ഭരണത്തിൽ കൂത്തുപറമ്പിന് ഒരു മാറ്റവും വന്നില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.

സിപിഐഎം കൗൺസിലർ പി.പി. രാജേഷ് മാലമോഷണക്കേസിൽ അറസ്റ്റിലായത് തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. എന്നാൽ രാജേഷിനെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിരോധിക്കുകയാണ് എൽഡിഎഫ്.

SCROLL FOR NEXT