തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ടെ ശ്രദ്ധാകേന്ദ്രമാണ് ഒറ്റപ്പാലം നഗരസഭ. പിഎംഎവൈ, ലൈഫ് ഭവന പദ്ധതികളിലൂടെ വീടുകൾ നിർമിച്ചത് അടക്കമുള്ള വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടുകയാണ് എൽഡിഎഫ്. എന്നാൽ നഗരസഭയിൽ അധികാരത്തിലെത്താനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫും ബിജെപിയും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നഗരസഭയിലെ 36 വാർഡുകളിൽ 15 ഇടത്തും വിജയിച്ചവരുടെ ഭൂരിപക്ഷം നൂറിൽ താഴെയായിരുന്നു. അതിൽ തന്നെ എട്ടു വാർഡുകളിൽ 50ൽ കുറവും. ഈ കണക്കുകൾ തന്നെയാണ് ഒറ്റപ്പാലം നഗരസഭയെ ഇത്തവണയും ശ്രദ്ധകേന്ദ്രമാക്കുന്നത്.
2015ൽ ആകെയുള്ള 36 വാർഡുകളിൽ എൽഡിഎഫ് 15ഉം യുഡിഎഫ് എട്ടും ബിജെപി ഏഴും സീറ്റുകൾ നേടിയപ്പോൾ സിപിഐഎമ്മിനോട് അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് മാറി നിന്ന വിമത വിഭാഗം സ്വതന്ത്ര മുന്നണിയായി മത്സരിച്ച് അഞ്ച് സീറ്റുകളും, ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത സ്വതന്ത്ര സ്ഥാനാർഥി ഒരു സീറ്റിലും വിജയിച്ചു.
2020ൽ സ്വതന്ത്ര മുന്നണിയുടെ ഒരു സീറ്റ് തിരിച്ചുപിടിച്ചതോടെ സിപിഐഎം സീറ്റുകൾ 16 ആയി. യുഡിഎഫ് എട്ട് സീറ്റിൽ നിന്ന് ഒരു സീറ്റ് ഉയർത്തി ഒൻപത് വാർഡുകളിൽ വിജയിച്ചു. ഏഴു വാർഡുകളിൽ ഉണ്ടായിരുന്ന എൻഡിഎ രണ്ട് സീറ്റുകൾ കൂടി അധികം പിടിച്ചെടുത്ത് ഒൻപത് വാർഡുകളിൽ ഇടം നേടി. അഞ്ചു വാർഡുകൾ ഉണ്ടായിരുന്ന സ്വതന്ത്ര മുന്നണി രണ്ടു വാർഡുകളിലേക്ക് പിന്തള്ളപ്പെട്ടു.
ഒറ്റപ്പാലം നഗരസഭയിൽ വലിയ പ്രതീക്ഷകളാണ് എൽഡിഎഫിന് ഉള്ളത്. ലൈഫ് ഭവന പദ്ധതിയിലെ മുന്നേറ്റവും നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക സമുച്ചയവും ഉൾപ്പെടെയുള്ള വികസന നേട്ടങ്ങൾ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നു. ഇത്തവണ യുഡിഎഫും വലിയ പ്രതീക്ഷകളോടെയാണ് മത്സരത്തിനിറങ്ങുന്നത്. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ മുന്നണി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഒറ്റപ്പാലം നഗരസഭ ഭരണം പിടിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെയും വിലയിരുത്തൽ. 2020ലെ മുന്നേറ്റമാണ് ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത്.
മൂന്ന് മുന്നണികൾക്കും വലിയ പ്രതീക്ഷകൾ ഉണ്ട് ഒറ്റപ്പാലം നഗരസഭയിൽ. അപ്പോഴും ഒറ്റയ്ക്ക് ഭരിക്കാൻ കഴിയുന്ന മാജിക് നമ്പർ ആയ 19ലേക്ക് എത്താൻ കഴിയുന്ന വിശ്വാസം ആർക്കുമില്ല.