തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജയവും തോൽവിയും ഭൂരിപക്ഷവും കണക്കുകൂട്ടുന്ന തിരക്കിലാണ് മുന്നണികൾ. വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയെന്നും, എൽഡിഎഫ് കഴിഞ്ഞ തവണത്തെക്കാൾ പിറകോട്ട് പോയെന്നും എൻഡിഎ വോട്ട് വർധിപ്പിച്ചെന്നും കാണാൻ സാധിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽഡിഎഫിനെക്കാൾ ഏഴര ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത്. 2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കാൾ എൽഡിഎഫ് 5.40 ലക്ഷം വോട്ടിനു മുന്നിലെത്തിയിരുന്നു. അവിടെ നിന്നാണ് യുഡിഎഫ് ഈ മുന്നേറ്റം നടത്തിയത്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മുന്നണികൾക്കു കിട്ടിയ വോട്ട് അടിസ്ഥാനമാക്കിയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം എൽഡിഎഫിനെക്കാൾ മൂന്നര ശതമാനം വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികം നേടിയത് എന്നാണ് വ്യക്തമാകുന്നത്.
ആകെ 89.69 ലക്ഷം വോട്ടാണ് യുഡിഎഫിന് നേടാൻ സാധിച്ചത്. കഴിഞ്ഞ തവണ കിട്ടിയ 79.07 ലക്ഷം വോട്ടിൽ നിന്ന് 10.62 ലക്ഷം വോട്ടാണ് ഇത്തവണ ലഭിച്ചത്. എന്നാൽ എൽഡിഎഫിൻ്റെ കാര്യം നേർവിപരീതമാണ്. കഴിഞ്ഞ തവണ 84.48 ലക്ഷം വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അത് 82.16 ലക്ഷമായി കുറഞ്ഞു. കണക്ക് പരിശോധിച്ചാൽ 2.32 ലക്ഷം വോട്ടുകളുടെ കുറവ് രേഖപ്പെടുത്തിയതായി കാണാൻ സാധിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് എൻഡിഎയും മുന്നേറ്റമുണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ 31.65 ലക്ഷം വോട്ടും, ഇത്തവണ 32.17 ലക്ഷം വോട്ടുമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അര ലക്ഷത്തോളം വോട്ടിൻ്റെ വർധന കാണാൻ സാധിക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ വോട്ടുവിഹിതത്തിൽ യുഡിഎഫാണ് മുന്നിലെത്തിയത്. അതേസമയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം,തൃശൂർ, കണ്ണൂർ, പാലക്കാട്, ജില്ലകളിൽ എൽഡിഎഫും മുന്നിലെത്തി. മലപ്പുറം ജില്ലയിലാണ് യുഡിഎഫ് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയത്. ജില്ലയിൽ നിന്നും 6 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. 15.73 ലക്ഷം വോട്ട് യുഡിഎഫ് നേടിയപ്പോൾ 9.72 ലക്ഷം വോട്ട് മാത്രമാണ് എൽഡിഎഫിന് മലപ്പുറത്ത് നിന്നും നേടാൻ കഴിഞ്ഞത്.
കാസർഗോഡ് 58,477, വയനാട് 47,300, കോഴിക്കോട് 58,545, എറണാകുളം 1.41, ഇടുക്കി 63,249, കോട്ടയം 64,591, പത്തനംതിട്ട 49,305, എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ യുഡിഎഫിൻ്റെ ഭൂരിപക്ഷം. എൽഡിഎഫിനെ സംബന്ധിച്ച് കണ്ണൂരിൽ നിന്നുമാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ചത്. 83,041 വോട്ടുകളാണ് കണ്ണൂരിൽ എൽഡിഎഫിന് ലഭിച്ചത്. തിരുവനന്തപുരം 43,137, ആലപ്പുഴ 30,951, കൊല്ലം 39,746, തൃശൂർ 67,714, പാലക്കാട് 65,406, എന്നിങ്ങനെയാണ് എൽഡിഎഫിന് മറ്റ് ജില്ലകളിൽ ലഭിച്ച വോട്ടിൻ്റെ എണ്ണം. അതേസമയം, 32.17 ലക്ഷം വോട്ടുകൾ ലഭിച്ച എൻഡിഎ എല്ലാ ജില്ലയിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.