തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തെപറ്റിയുള്ള വിവാദം അനാവശ്യവും അടിസ്ഥാനരഹിതവും എന്ന് ലോക്ഭവൻ. അസത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സർക്കാരില്‍ നിന്നുണ്ടായ പ്രതികരണമെന്നും ലോക്ഭവൻ്റെ വിശദീകരണം.
സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിൽ അസാധാരണ സംഭവവികാസങ്ങളായിരുന്നു അരങ്ങേറിയത്. സഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ മുഴുവൻ ഭാഗങ്ങൾ ഗവർണർ രാജേന്ദ്ര അർലേക്കർ വായിക്കാത്തതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തിയായിരുന്നു ഗവർണർ വായിച്ചത്. എന്നാൽ, ഗവർണറുടെ നയപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അസാധാരണ നീക്കം നടത്തി. ഗവർണർ വായിക്കാത്ത ഭാഗങ്ങൾ വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഗവർണർ നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഇവ ഗവർണർ ഒഴിവാക്കിയാണ് വായിച്ചത്. കേന്ദ്ര സർക്കാരിൻ്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും ഗവർണർ വായിക്കാതെ ഒഴിവാക്കിയിരുന്നു.
എന്നാൽ, ഗവർണറെ യാത്രയാക്കിയ ശേഷം സഭയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വായിക്കുകയായിരുന്നു. അക്കാര്യങ്ങൾ കൂടി അംഗീകരിച്ചുള്ള നയപ്രഖ്യാപനം വേണം സഭയിൽ വിതരണം ചെയ്യേണ്ടതെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കുകയും ചെയ്തു.