ലോക കേരള സഭയെച്ചൊല്ലി സർക്കാരിൽ ഭിന്നത. കേരളസഭ ധൂര്‍ത്തില്ലാതെ നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചതിനു പിന്നാലെ, തുടരില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്. ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിനായി ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. ഇതിനായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാധ്യമങ്ങള്‍ മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിന്റെ പ്രതികരണം ആരാഞ്ഞത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ധൂര്‍ത്തെന്ന് വിമര്‍ശിച്ച ലോക കേരള സഭയില്‍ സര്‍ക്കാര്‍ യു ടേണ്‍ അടിക്കുകയാണോ എന്ന ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ലോക കേരള സഭയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നന്നായിട്ട് ചെലവഴിക്കാനാണ് രണ്ട് കോടി അനുവദിച്ചത്. ധൂര്‍ത്തില്ലാതെ ലോക കേരള സഭ സംഘടിപ്പിക്കും. ധൂര്‍ത്ത് മാറ്റിനിര്‍ത്തിയാല്‍ ലോക കേരള സഭ നല്ല ആശയമാണ്. സര്‍ക്കാരിന്റേത് യു ടേണ്‍ അല്ല റൈറ്റ് ടേണ്‍. യുഡിഎഫ് അന്ന് വിമർശിച്ചത് പേരിനെയും ആശയത്തെയുമല്ല, നടത്തിപ്പിന്റെ രീതിയെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്നാല്‍ ലോക കേരള സഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയതു പോലെ ലോക കേരള സഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരള സഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോക കേരള സഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പൻസിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെ പരിപാടികൾക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.