Source: FB
KERALA

സർക്കാർ ഒന്നാം എതിർകക്ഷി, മുഖ്യമന്ത്രി രണ്ടാം എതിർകക്ഷി; വിമാനയാത്രയിൽ ലോകായുക്ത നോട്ടീസ്

കെ.എം ഷാജഹാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും ലോകായുക്തയുടെ നോട്ടീസ്. സർക്കാരിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കെ.എം ഷാജഹാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.

വിമാനയാത്ര സ്പോൺസർ ചെയ്തതാണെന്നായിരുന്നു വിവാദമുയർന്നപ്പോൾ മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ആരാണ് യാത്ര സ്പോൺസർ ചെയ്തതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സർക്കാരിനോ പൊതുഖജനാവിനോ ചെലവില്ലാതെയാണ് നിക്ഷേപകരെ കാണാൻ യാത്ര നടത്തിയതെന്നും സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ നിലപാട്.

മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗിക പരിപാടിയുടെ ഭാഗമായിരുന്നോ അതോ സ്വകാര്യ സന്ദർശനമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടുന്നതാണ് പരാതി. യാത്രയ്ക്കായി സർക്കാരിന് എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോ എന്ന കാര്യവും വിശദീകരിക്കേണ്ടിവരും.

മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പിൽ വിമാനയാത്ര നടത്തിയതിനെച്ചൊല്ലി അന്ന് നിരവധി ചോദ്യങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.സ്പോൺസർ ആരാണെന്നും യാത്രയിലൂടെ അവർക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങളും വിവാദത്തിന് വഴിവെച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്. സർക്കാരും മുഖ്യമന്ത്രിയും വിഷയത്തിൽ വിശദീകരണം നൽകേണ്ടിവരും. കേസ് ജനുവരി 12ന് വീണ്ടും പരിഗണിക്കും.

SCROLL FOR NEXT