വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് Source: News Malayalam 24x7
KERALA

"കരഞ്ഞ് കാലുപിടിച്ചിട്ടും അയാൾക്ക് എന്നെ വേണ്ട"; വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ആത്മഹത്യക്കുറിപ്പിൽ ഭർത്താവ് നിതീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നടക്കം പരാമർശിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. നിതീഷിനെ ഉടൻ നാട്ടിലെത്തിച്ച് മൊഴിയെടുക്കും. മരണത്തിന് മുൻപായി വിപഞ്ചിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പ് അപ്രത്യക്ഷമായതിലും വിശദമായ അന്വേഷണം നടക്കും. ആത്മഹത്യക്കുറിപ്പിൽ ഭർത്താവ് നിതീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നടക്കം പരാമർശിച്ചിട്ടുണ്ട്.

ഷാർജയിലെ കേസ് വിവരങ്ങൾ കൈമാറാൻ കോൺസുലേറ്റിനെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വിപഞ്ചികയുടെ ഫ്ലാറ്റിലെ ഹോം മെയ്‌ഡിൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് അടക്കം അപ്രത്യക്ഷമായ സാഹചര്യത്തിൽ വിപഞ്ചികയുടെ ലാപ്‌ടോപ്പ് വീണ്ടെടുക്കും.

ഷാർജയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണസംഘം വിശദമായി പരിശോധിക്കും. റീ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയതാണ് മരണ കാരണമെന്ന് വ്യക്തമാണ്. ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിട്ടുമുണ്ട്.

വിപഞ്ചികയുടെ കുറിപ്പ്:

ഒരുപാട് സഹിച്ചു, കാലുപിടിച്ച് കരഞ്ഞു എന്നെയും കുഞ്ഞിനെയും ഉപേക്ഷിക്കരുതെന്ന് കാശ് തരണ്ട, ഞങ്ങളെ സ്നേഹിച്ചാൽ മാത്രം മതി എന്ന് കാലുപിടിച്ച് പറഞ്ഞിട്ട് പോലും എന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയി. കുഞ്ഞായിട്ട് പോലും എന്നെ ജീവിക്കാൻ ആ അച്ഛനും മോളും അനുവദിച്ചിട്ടില്ല. കല്യാണം കഴിക്കുമ്പോൾ, നിതീഷിന് വളരെ തുച്ഛമായ സാലറിയായിരുന്നു. വീട് ലോൺ, അമ്മയുടെ രോഗം.. ആ സമയത്ത് നിതീഷിന് എന്നെ വേണമായിരുന്നു. അപ്പോഴും പെങ്ങളുടെ വാക്ക് കേട്ട് എന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു. അവനെ കാശായി സ്വന്തമായി ഫ്ലാറ്റായി, പിന്നെ കൂടെ നിന്ന എന്നെ പുറം കാലുകൊണ്ട് തട്ടി. വേറെ പെണ്ണുമായി ബന്ധത്തിലായി. എന്നെ വെച്ചുകൊണ്ടിരിക്കുകയായിരുന്നു. അതെല്ലാം ക്ഷമിച്ചിട്ടും ഇപ്പോ എന്നെയും എൻ്റെ കുഞ്ഞിനെയും ഉപേക്ഷിച്ച് പോയി. മടുത്തു, ഒരുപാട് സഹിച്ചു...

SCROLL FOR NEXT