Source: ANI
KERALA

വിറകടുപ്പിലേക്ക് മടങ്ങൂ...! മെനു പരിഷ്കരിക്കണം, സമയം ക്രമീകരിക്കണം; ഹോട്ടലുകൾക്ക് നിർദേശവുമായി അസോസിയേഷൻ

ഹോട്ടലുകൾ പരസ്പരം സഹകരിച്ച് പൊതുസ്ഥലത്ത് പാചകം ചെയ്യണമെന്നും കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ നിർദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ രാജ്യത്ത് തുടർന്ന് പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഹോട്ടലുകൾക്ക് മാർഗനിർദേശവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ. സാധ്യമായിടത്ത് വിറകടുപ്പ് ഉപയോഗിക്കണമെന്നും, ഹോട്ടലുകൾ പരസ്പരം സഹകരിച്ച് പൊതുസ്ഥലത്ത് പാചകം ചെയ്യണമെന്നും ഹോട്ടലുകൾക്ക് നിർദേശം നൽകി.

ഹോട്ടലുകളിലെ വിഭവങ്ങൾ കുറച്ച് മെനു പരിഷ്കരിക്കണമെന്നും ഹോട്ടലുകളുടെ പ്രവർത്തന സമയം ക്രമീകരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. രോഗികൾ, യാത്രക്കാർ, തൊഴിലാളികൾ തുടങ്ങി പൊതുസമൂഹത്തിൻ്റെ വലിയൊരു വിഭാഗത്തിന് ഭക്ഷണം നൽകുന്ന സേവന മേഖലയായാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ്റെ അറിയിപ്പിൽ പറയുന്നു.

ഗ്യാസ് ലഭ്യതയുടെ പ്രശ്നങ്ങൾ മൂലം സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാതെ, പൊതുസമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തവും സേവനവും പരമാവധി നിലനിർത്തുന്നതിനായി ബദൽ മാർഗങ്ങൾ നാം തേടേണ്ടതാണെന്ന് അഭ്യർഥിക്കുന്നു എന്നും അറിയിപ്പിൽ പറയുന്നു.

നിർദേശങ്ങൾ

*പരമ്പരാഗത പാചക മാർഗമായ വിറക് അടുപ്പ് തുടങ്ങിയ സംവിധാനങ്ങൾ സാധ്യമായിടത്ത് ഉപയോഗപ്പെടുത്തുക

*വൈദ്യുതി പാചക ഉപകരണങ്ങൾ ഉൾപ്പെടെ മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുവാൻ ശ്രമിക്കുക

*ഓരോ പ്രദേശത്തേയും ഹോട്ടലുകൾ തമ്മിൽ സഹകരിച്ച് ഒരു പൊതുസ്ഥലത്ത് ഭക്ഷണം പാചകം ചെയ്‌ത്‌ സമീപ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കുക.

*പരമാവധി വിഭവങ്ങൾ കുറച്ച് മെനു പരിഷ്ക്കരിക്കുക.

*സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനക്രമീകരിക്കുക

SCROLL FOR NEXT