സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തിയ എല്‍പിഎസ്‌ടി റാങ്ക് ഹോൾഡർമാർ വീണ്ടും സർക്കാരിനെതിരെ രംഗത്ത്. കടുത്ത പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും, നൽകിയ ഉറപ്പുകളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. എന്നാൽ സർക്കാർ മുന്നോട്ടുവെച്ച സമയപരിധിക്കുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ഓഗസ്റ്റ് പതിനൊന്നിനാണ് സെക്രട്ടേറിയറ്റിന് മുന്നിലെ എല്പിഎസ്ടി റാങ്ക് ഹോൾഡർമാരുടെ അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചത്. കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കാതിരിക്കാനായി 45 ദിവസത്തെ സാവകാശം പ്രശ്ന പരിഹാരത്തിനായി സർക്കാർ തേടി. സെപ്റ്റംബർ 24ന് ഈ സമയപരിധി അവസാനിക്കാനിരിക്കെ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കുക , ഹെഡ് മാസ്റ്റര്‍ - അധ്യാപക ഒഴിവിലെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പഠനം ആരംഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
എന്നാൽ സർക്കാർ മുന്നോട്ടുവച്ച സമയപരിധിയിൽ 16 ദിവസം ബാക്കി നിൽക്കെ, നിശ്ചയിച്ച തീയതിയിൽ പ്രശ്നപരിഹാരം കണ്ടെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. എയ്ഡഡ് സ്കൂളിലെ നിയമനം 1:1 അനുപാതത്തിൽ പിഎസ്‌സിക്ക് വിടുക, എല്‍പിഎസ്‌ടി റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക തുടങ്ങിയവയാണ് സമരക്കാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ. വകുപ്പിലെ 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഇതുവരെയും ശുപാർശ കൈമാറിയിട്ടില്ല. ഈ നടപടി എല്‍പിഎസ്‌ടി റാങ്ക് ഹോൾഡർമാർ മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങൾക്കുമേലും മങ്ങലേൽപ്പിക്കുകയാണ്.