KERALA

"വ്യാജവാർത്ത പ്രചാരണം"; മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്

വ്യാജ വാർത്ത നൽകിയ മീഡിയ വണ്ണിനും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പായതോടെ ചില മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന് മന്ത്രി എം.ബി. രാജേഷ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വൺ പുതിയ നുണ ബോംബ് സ്ഫോടനം നടത്തുന്നുണ്ടെന്ന് എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുൻ എംപിയുടെ പെൻഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിൻ്റെ പുതിയ നുണ ബോംബ്. വ്യാജ വാർത്ത നൽകിയ മീഡിയ വണ്ണിനും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതിൽ മൗദൂദി പരിവാറിൻ്റെ പണി പാളുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

തെരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വൺ പുതിയ നുണ ബോംബ് സ്ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുൻ എംപിയുടെ പെൻഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിൻ്റെ പുതിയ നുണ ബോംബ്. വ്യാജ വാർത്ത നൽകിയ മീഡിയ വണ്ണിനും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതിൽ മൗദൂദി പരിവാറിൻ്റെ പണി പാളും.

സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്‌സഭാ സെക്രട്ടറി ജനറലിന് ഞാൻ സ്പീക്കറെന്ന നിലയിൽ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എൻ്റെ പെൻഷൻ നിയമ പ്രകാരം പുനർ നിശ്ചയിക്കണമെന്നും, ഏതാനും മാസം അധികമായി എൻ്റെ അക്കൗണ്ടിലേക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റിൽ നിന്ന് അയച്ച തുക deduct ചെയ്യണമെന്നും അറിയിച്ച് കത്തയച്ചിട്ടുണ്ട്. അതായത് നാലു വർഷം മുമ്പ് തന്നെ ഞാൻ ഇക്കാര്യം അങ്ങോട്ട് അറിയിച്ചു എന്നർത്ഥം. പിന്നീട് മന്ത്രിയായ ശേഷം ഇക്കാര്യങ്ങൾ ആവർത്തിച്ച് 17.02.2023ന് ഞാൻ വീണ്ടും ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി. തുടർന്ന് എൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ശമ്പളം കുറച്ച് പെൻഷൻ നിയമപ്രകാരം പുന:ക്രമീകരിച്ചതായും, അതിനു മുമ്പ് നൽകിയ ഏതാനും മാസത്തെ തുക കുറവു ചെയ്തതായും അറിയിച്ച് എനിക്ക് 22.05.23 ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് മറുപടിയും നൽകി. അതായത് ഒരു നിയമ ലംഘനവും ഇല്ല എന്നർത്ഥം. രേഖകളെല്ലാം ഇവിടെ പങ്കുവെക്കുന്നു.

ഇനി ഏറ്റവും വലിയ തമാശ എന്താണെന്നോ? വാർത്തയ്ക്കാധാരമായ AG ഓഫീസിൻ്റെ കത്തിൽ പറയുന്നത്, രാജ്യസഭാ Pay&Accounts സെക്ഷനിലെ കത്തു പ്രകാരം എന്നാണ്. ഞാൻ രാജ്യസഭയിൽ അംഗമായിട്ടേയില്ല. എൻ്റെ കാര്യത്തിൽ ഉത്തരവാദിത്തം ലോക്‌സഭാ സെക്രട്ടേറിയറ്റിനാണ്. പക മൂത്ത് കടന്നാക്രമിക്കാനുള്ള ആവേശത്തിൽ അതൊന്നും വായിച്ചു പോലുമില്ല. ഞാൻ രാജ്യസഭാംഗമായിരുന്നില്ല എന്ന വസ്തുതയൊന്നും നുണബോംബ് സ്ഫോടനം നടത്താൻ തക്കം പാർത്തിരിക്കുന്നവർക്ക് പ്രശ്നമല്ലല്ലോ.

SCROLL FOR NEXT