തൃശൂർ: ജില്ലയിലെ സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ പിന്നാലെ പ്രതികരിച്ച് എം. കെ. കണ്ണൻ.100 രൂപയിൽ കൂടുതൽ ഒരു അക്കൗണ്ടിലുമില്ല, പിന്നെ ഏത് ബാങ്കിലാണ് തൻ്റെ കോടികൾ ഉള്ളത് എന്നാണ് കണ്ണൻ ചോദിച്ചത്. മണ്ണൂത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നു. നടത്തറയിലെ സഹകരണ സംഘങ്ങൾ സംബന്ധിച്ച് അത്തരമൊരു ആക്ഷേപവും തനിക്കില്ലെന്നും കണ്ണൻ വ്യക്തമാക്കി.
ഇന്ന് രാവിലെയോടെയാണ് സിപിഐഎം നേതാക്കൾക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖ പുറത്തുവന്നത്. സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെയാണ് ധനസമ്പാദനം നടത്തിയത് എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ശരത് പ്രസാദും ജില്ലാകമ്മിറ്റി അംഗം നിബിനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ നിബിനെ സിപിഐഎം പുറത്താക്കിയിരുന്നു. ശരത്തിൽ നിന്ന് പാർട്ടി വിശദീകരണം തേടുമെന്ന് നേതൃത്വം അറിയിക്കുകയും ചെയ്തു.
കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീൻ്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിലെ പരാമർശം. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തലങ്ങളിൽ ചെറിയ തിരിമറികൾ നടക്കും പോലെയല്ല പാർട്ടി നേതാക്കൾ നടത്തുന്നത് വലിയ ഇടപാടുകളാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റലപ്പള്ളി, പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ എന്നിവരുടെ പേരും സംഭാഷണത്തിലുണ്ട്. അതേസമയം, ശബ്ദസംഭാഷണത്തിൻ്റെ ആധികാരികയിൽ സംശയമുണ്ടെന്നും, സംഭാഷണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് സംശയമുണ്ടെന്നും ശരത് ന്യൂസ് മലയാളത്തോട് പറഞ്ഞു.