KERALA

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: വിയോജിപ്പും ആശങ്കയുമറിയിച്ച് എം. ലിജു; നികുതി നിശ്ചയിച്ചതേയുള്ളൂ എന്ന് മുഖ്യമന്ത്രി

നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു മുഖ്യമന്ത്രി, ലിജു കൂടിക്കാഴ്ച

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവിൽ മുഖ്യമന്ത്രിയെ വിയോജിപ്പും ആശങ്കയും അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. ബജറ്റ് നിർദേശം ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നോട് ആലോചിക്കാത്തതിലെ അതൃപ്തിയും എം. ലിജു നേരിട്ട് അറിയിച്ചു. പദ്ധതി നടപ്പാക്കിയാലുണ്ടാവുന്ന പ്രതിസന്ധി വ്യക്തമാക്കി പ്രത്യേക റിപ്പോർട്ടും വി.ഡി. സതീശന് കൈമാറി. അതേസമയം, നികുതി നിശ്ചയിച്ചതേയുള്ളൂ, വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

നികുതി നിശ്ചയിക്കുക മാത്രമാണ് ഇപ്പോഴുണ്ടായത്. വിൽപ്പന അനുവദിക്കണമോ എന്ന കാര്യത്തിൽ കൂട്ടായ ചർച്ചയുണ്ടാവും. എല്ലാ വശങ്ങളും നോക്കി മാത്രമാണ് തീരുമാനമെടുക്കുക. മദ്യനയത്തിൻ്റെ മാറ്റത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും എക്സൈസ് മന്ത്രിയോട് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു മുഖ്യമന്ത്രി, ലിജു കൂടിക്കാഴ്ച.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കോൺഗ്രസിലും യുഡിഎഫിലും അമർഷമുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ തീരുമാനമാണ് നികുതിയിളവെന്ന ആക്ഷേപം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു കോൺഗ്രസിനുള്ളിൽ നിന്നും ഉയരുന്ന തിരുത്തൽ സമ്മർദം. നികുതിയിളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു എസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ഇപ്പോഴുണ്ടായ ആശങ്ക ദുരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്നും നയപരമായ കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ വ്യക്തമാക്കി

ബജറ്റ് നിർദേശത്തിൽ ഇനിയും ചർച്ചയാകാമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ബജറ്റ് രഹസ്യം മുൻകൂറായി ചർച്ച ചെയ്താൽ അത് ബജറ്റ് ചോർച്ചയായി വിലയിരുത്തപ്പെടുമായിരുന്നെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ബജറ്റ് ചർച്ചകൾക്കായി ചേർന്ന നിയമസഭാ സമ്മേളനത്തിലും വിഷയത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായി. നിയമം കൊണ്ടുവന്നത് എൽഡിഎഫ് ആണെന്നും അഴിമതി ഉണ്ടെങ്കിൽ അത് എൽഡിഎഫിന് അറിയാമെന്നുമായിരുന്നു മാത്യു കുടിൽനാടൻ എംഎൽഎയുടെ വിമർശനം.

കഴിഞ്ഞ സർക്കാർ വേണ്ടെന്നുവച്ച കാര്യമാണ് ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കരുത് എന്നായിരുന്നു മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടി. വീര്യം കുറഞ്ഞ മദ്യത്തിനേർപ്പെടുത്തിയ നികുതി ഇളവിനെ എതിർത്ത് സമുദായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നീക്കം സംശയാസ്പദമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പുതുതലമുറയെ ലഹരിയിലേക്ക് നയിക്കുന്ന തീരുമാനമെന്നാണ് വിമർശനം. മദ്യ നികുതിയിൽ മുഖ്യമന്ത്രിയെ പേരെടുത്ത് വിമർശിച്ചാണ് സമസ്ത എപി വിഭാഗം നിലപാട് പറഞ്ഞത്.

നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു. ലഹരിക്ക് വീര്യം കുറഞ്ഞത്, കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടി പോകില്ല എന്ന വാദം യുക്തി രഹിതമാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT