KERALA

ആശ്വാസമേകാൻ 'ആശ്വാസ്'; മൂന്നുമാസത്തേക്ക് ജപ്തി നടപടികൾ ഒഴിവാക്കുമെന്ന് മന്ത്രി എം. ലിജു

സഹകരണ സംഘങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സഹകരണ മേഖലയിൽ ജപ്തി നടപടികൾ ഒഴിവാക്കുന്ന 'ആശ്വാസ്' പദ്ധതി നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. മൂന്നുമാസത്തേക്ക് ജപ്തി നടപടികൾ ഒഴിവാക്കാൻ നിർദേശം നൽകുന്ന പദ്ധതിയാണിത്. സഹകരണ സംഘങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളാ ബാങ്കിൻ്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും, ബാങ്ക് നന്നായി നടത്തണമെന്ന് തന്നെയാണ് സർക്കാരിൻ്റെ തീരുമാനമെന്നും എം. ലിജു വ്യക്തമാക്കി. അതിന് ആവശ്യമായ പരാമാവധി സഹായങ്ങൾ ചെയ്യുമെന്നും നിലവിലുള്ള സംവിധാനത്തിന് ദോഷകരമാകുന്ന ഒന്നും ഉണ്ടാകില്ലെന്നും എം. ലിജു പറഞ്ഞു. സർക്കാർ 875 കോടി രൂപ കേരളാ ബാങ്കിന് നൽകാനുണ്ട്. ഈ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ബാങ്കിനെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതിയ മദ്യനയം ഉണ്ടാകുമെന്നും എം. ലിജു പറഞ്ഞു. ബജറ്റ് അവതരണത്തിനുശേഷം ചർച്ചകളിലേക്ക് കടക്കുമെന്നും കേരളത്തിന് പ്രയോജനപ്രദമായ നയമായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി അറിയിച്ചു. എക്സൈസിന് നിരവധി പരിമിതികളുണ്ട്. ഉദ്യോഗസ്ഥരുടെ എണ്ണം മുതൽ വാഹനങ്ങൾ ലാബ് എന്നിവയിൽ പരിമിതിയുണ്ട്. ജൂൺ 26ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ എക്സൈസിൻ്റെ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും എം. ലിജു കൂട്ടിച്ചേർത്തു.

SCROLL FOR NEXT