തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ സിപിഐഎമ്മിലെ ഭിന്നത തള്ളാതെ എം.എ. ബേബി. നേതാക്കൾ അഭിപ്രായം പറയുമ്പോൾ സൂക്ഷിക്കണം. പാർട്ടിക്ക് പോറൽ ഏൽക്കാതെ നോക്കണം. ഒറ്റക്കല്ല, പാസുകൾ നൽകി വേണം മുന്നോട്ട് പോകേണ്ടതെന്നും എം.എ. ബേബി പറഞ്ഞു. പാർട്ടി തിരിച്ചടി നേരിടുന്ന ഈ സമയത്ത് കൂടുതൽ ജാഗ്രത വേണമെന്നും എം.എ. ബേബി മുന്നറിയിപ്പ് നൽകി.
അർജൻ്റീന-സ്വിറ്റ്സർലണ്ട് ക്വാർട്ടർ പോരാട്ടം കണ്ടതിന് ശേഷമായിരുന്നു രാവിലെ സിപിഐഎം ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിച്ചത്. പാർട്ടിയിൽ നടക്കുന്ന അഭിപ്രായഭിന്നത സംബന്ധിച്ച പ്രതികരണവും ഫുട്ബോളിനെ കൂട്ടുപിടിച്ചായിരുന്നു. ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് ഫുട്ബോൾ എല്ലാവർക്കും നൽകുന്നത്. അസിസ്റ്റ് ഇല്ലാതെ ഗോൾ അടിക്കാൻ കഴിയില്ല. ഇത് പരസ്പര സഹകരണം എന്ന സന്ദേശം നൽകുന്നു. വീഴ്ചകൾ സംഭവിച്ചാൽ തിരിച്ചറിഞ്ഞ്, കുറവുകൾ പരിഹരിക്കാൻ അടുത്ത പകുതിയിൽ ശ്രമിക്കണമെന്നും എം.എ. ബേബി പറഞ്ഞു.
രാജ്യത്ത് റഫറി ഭരിക്കുന്ന പാർട്ടിക്ക് ഒപ്പം നിൽക്കുന്നു. എതിർടീമിനെയും റഫറിയെയും വിലയ്ക്ക് വാങ്ങുന്ന സാഹചര്യമാണ് എന്നിങ്ങനെ ദേശീയ, പൊതുസാഹചര്യങ്ങളെയാകെ ഫുട്ബോളിൻ്റെ ഭാഷയിൽ വിലയിരുത്തുന്ന മട്ടിലാണെങ്കിലും പരസ്യമായ ഉൾപ്പാർട്ടി തർക്കത്തിൽ ജനറൽ സെക്രട്ടറി വ്യംഗ്യത്തിൽ നിലപാട് വ്യക്തമാക്കി. പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായ പ്രകടനം നേതാക്കൾ ഒഴിവാക്കണം. പ്രത്യേകിച്ച്, തിരിച്ചടി നേരിടുന്ന ഈ സമയത്ത് ഐക്യം ഉയർത്തുന്ന നിലപാടുകൾ വേണം പറയാൻ.
കേരളത്തിലെ തോൽവിയെപ്പറ്റി പഠിച്ച റിപ്പോർട്ട് എം.എ. ബേബി ഇന്നലെ കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേൽ ചർച്ച തുടരുകയാണ്. അതേസമയം വിഴിഞ്ഞം ഓഹരി കൈമാറ്റത്തിനെപ്പറ്റി പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഇ.പി. ജയരാജൻ ആയുർവേദ ചികിത്സയുടെ പേര് പറഞ്ഞ് കേന്ദ്രകമ്മിറ്റിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വിഴിഞ്ഞത്തെ പറ്റി പാർട്ടിക്ക് ഭിന്നാപ്രായം ഇല്ലെന്ന് കേന്ദ്ര കമ്മിറ്റി തുടരുന്നതിനിടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കോഴിക്കോട് പ്രതികരിച്ചു. അതേസമയം വിഴിഞ്ഞം വിഷയത്തിൽ ഇ.പി. ജയരാജനും കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും ഇപ്പോഴും ഭിന്നാഭിപ്രായം തുടരുകയാണ്.