ഡൽഹി: പിണറായി വിജയൻ്റെ വസതിയിലെ ഇഡി റെയ്ഡിനെതിരെ സിപിഐഎം ഡൽഹിയിലും പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ജനറൽ സെക്രട്ടറി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോയി കസ്റ്റഡിയിലെടുത്തു.
സിപിഐഎമ്മിൻ്റെ ദേശീയ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമായി. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കമാണ് റെയ്ഡെന്ന് എം.എ. ബേബി പറഞ്ഞു. അടിയന്തരാവസ്ഥാ കാലത്തെ പൊലീസ് പീഡനം അതിജീവിച്ച പിണറായിയെ ഭയപ്പെടുത്താൻ ഇഡിക്ക് കഴിയില്ല. ഇഡി നീക്കത്തിൽ യുഡിഎഫ് സർക്കാർ പങ്കാളിയാണോ എന്നും എം.എ. ബേബി ചോദിച്ചു.
വീണാ വിജയനെ ലക്ഷ്യമിട്ട് പിണറായി വിജയനെതിരെയുള്ള ഇ.ഡി നീക്കം രാഷ്ട്രീയ പകപോക്കലാണ്. പിണറായി വിജയനെ ലക്ഷ്യമിട്ട് കൊണ്ട് നടക്കുന്ന റെയ്‌ഡുകൾ രാഷ്ട്രീയമായി നേരിടാനുള്ള കഴിവില്ലായ്‌മയിൽ നിന്നുണ്ടാകുന്നതാണെന്നും എം.എ. ബേബി പറഞ്ഞു. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ സംവിധാനങ്ങളെ ആയുധമാക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് പുലർച്ച 5 45ഓടെയാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വസതിയിൽ ഇഡി റെയ്ജഡ് തുടങ്ങിയത്. കേരളത്തിൽ പത്തോളം ഇടങ്ങളിലാണ് ഇന്ന് ഇഡി പരിശോധന നടത്തിയത്. സിഎംആര്‍എല്‍ ഓഫീസുകളിലും പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും മുഹമ്മദ് റിയാസിൻ്റെ വസതിയിലുമായിരുന്നു പരിശോധന.
മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ അദ്ദേഹമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ മൊഴിയാണ് ഇഡി രേഖപ്പെടുത്തിയത്. കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.