കൊച്ചി: ഇന്ത്യയിലെ മതേതര, ജനാധിപത്യ, പുരോഗമന രാഷ്ട്രീയ ശക്തികൾ വികസിപ്പിച്ചെടുത്ത വിശാലമായ ഒരു സംസ്ഥാനമാണ് ബിഹാറെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർഎസ്എസ് ബിജെപിയിലൂടെ ബിഹാറിൽ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തിൽ വർഗീയതയ്ക്കെതിരെ പൊരുതുന്ന ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന ഒരു ബദൽ ഗവൺമെൻ്റ് നിലവിൽ വരണമെന്നാണ് ബിഹാറിലെ ജനങ്ങളുടെ ആവശ്യം. നിതീഷ് കുമാർ ഗവൺമെൻ്റിൻ്റെ വർഗീയ രാഷ്ട്രീയത്തെ ബിഹാറിലെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നും എം.എ. ബേബി പറഞ്ഞു.
വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ അധ്യായം ബിഹാറിൽ അവസാനിക്കേണ്ടതുണ്ട്. പുതിയ ജനാധിപത്യ, മതേതര, പുരോഗമന രാഷ്ട്രീയത്തിൻ്റെ ആരംഭം ഈ തെരഞ്ഞെടുപ്പോടു കൂടി ബിഹാറിൽ തുടങ്ങും. സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട നിർദേശമായിരുന്നു ആധാർ 12ാമത്തെ രേഖയായി അംഗീകരിക്കണമെന്നത്. അത് പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ പാലിച്ചില്ല. അത് നരേന്ദ്ര മോദി ഗവൺമെൻ്റിൻ്റെ പിന്തുണ അവർക്കുള്ളതു കൊണ്ടാണ്. ഗ്യാനേഷ് കുമാർ അവിടെ ഇരിക്കുന്നതുതന്നെ നരേന്ദ്ര മോദി ഗവൺമെൻ്റിൻ്റെ പിന്തുണ കൊണ്ടാണ്, എം.എ. ബേബി.
ബിഹാറിൽ നടക്കുന്നത് വോട്ടവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും എം.എ. ബേബി പറഞ്ഞു.വോട്ട് ചെയ്യാൻ അവകാശമുള്ളവർക്ക് അതിനുള്ള അവസരം നൽകുകയെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുഖ്യലക്ഷ്യം. എന്നാൽ ഇപ്പോൾ എങ്ങനെ വോട്ടർമാരെ ഒഴിവാക്കാമെന്നതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ദൗത്യമെന്നും സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.