മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറൽ പെൺകുട്ടി.വൈറൽ താരത്തെ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസ് സംഘം എത്തിയത്.പ്രായപൂർത്തി ആവാതെ വിവാഹം നടത്തിയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പങ്കാളി ഫർമാൻ ഖാനിനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് എടുത്തിരുന്നു.
തട്ടിക്കൊണ്ടു പോകലിന് ഫർമാനെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്.ഇതിനിടെ ഫർമാൻ്റെ സുഹൃത്തിനെ തേടി തൃക്കാക്കരയിലും മധ്യപ്രദേശ് പൊലീസ് എത്തിയിരുന്നു. അതേസമയം, ഇത് നിലവിൽ ഹൈക്കോടതിയുടെ പരിധിയിലുള്ള കേസാണെന്നും 20 വരെ അറസ്റ്റ് തടഞ്ഞിട്ടുള്ളതായും മധ്യപ്രദേശ് പൊലീസ് എന്തിനാണ് വന്നതെന്ന് അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ വ്യക്തമാക്കി.
മാര്‍ച്ച് 11നാണ് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് വൈറല്‍ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണെന്നാണ് മധ്യപ്രദേശ് പൊലീസിൻ്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എന്നാൽ, താരത്തിന്റെ വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹത നിലനിന്നിരുന്നു. 18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ് ദേശീയ പട്ടിക വർഗ കമ്മീഷന്റെ നിർദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്ത ജനന സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്. സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടി ജനിച്ചത് 2008 ജനുവരി ഒന്നിനാണ്. ഈ വർഷം ആധാറും പാനുമെടുത്തത് ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. പെൺകുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളുമായാണ്. റദ്ദാക്കൽ നീക്കം വിവാഹം നടന്ന ശേഷം മാത്രമെന്നും റദ്ദാക്കൽ നടപടി പെൺകുട്ടിയുടെ വാദം കേൾക്കാതെയെന്നും കണ്ടെത്തിയിരുന്നു.വിവാഹത്തിന് ശേഷമായിരുന്നു സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.